ഗോവയിലെ ശാന്തമായ നിരത്തുകളെ നടുക്കി വീണ്ടും മഹീന്ദ്ര ഥാർ അപകടത്തിൽപ്പെട്ടു. അമിതവേഗതയിലെത്തിയ ഥാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് i20 കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ i20 കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിന് തൊട്ടുപിന്നാലെ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. അപകടം നടന്ന ഉടനെ വാഹനം ഓടിച്ചിരുന്ന യുവാവ് ഭയന്നുകൊണ്ട് അച്ഛനെ ഫോണിൽ വിളിക്കുന്നതാണ് വീഡിയോയിലെ പ്രധാന ദൃശ്യം.
താൻ വണ്ടി ഓടിക്കുമ്പോൾ കവലയിലൂടെ മറ്റൊരു വണ്ടി വരികയായിരുന്നുവെന്നും പെട്ടെന്നാണ് അപകടം സംഭവിച്ചതെന്നും കിതച്ചുകൊണ്ട് യുവാവ് പറയുന്നുണ്ട്.
പരിഭ്രാന്തിയിലായ യുവാവ് സംഭവസ്ഥലത്ത് നിന്നും വണ്ടിയുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും അവിടെ തടിച്ചുകൂടിയ നാട്ടുകാർ തടയുകയായിരുന്നു.
അപകടത്തിൽ ആർക്കെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഗോവയിലെ പ്രാദേശിക ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവരാണെന്നും എന്നാൽ വിനോദസഞ്ചാരികൾ വാടകയ്ക്കെടുക്കുന്ന വാഹനങ്ങളാണ് ഇത്തരം അപകടങ്ങൾ വരുത്തിവെക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗ് രീതികൾ കാരണം പലരും പരിഹാസരൂപേണ ഥാറിനെ 'ഥാറോറിസ്റ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്.