സമുദ്രനിരപ്പിൽനിന്ന് ശരാശരി 900 മീറ്റർ ഉയരത്തിലുള്ള പ്രദേശം. നിറയെ പച്ചപ്പ്. മലക്കപ്പാറ ശരിക്കും മാലാഖപ്പാറതന്നെ. തൃശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലേക്കു യാത്രചെയ്താൽ മലക്കപ്പാറയായി.
തൃശൂർ നഗരത്തിൽനിന്ന് ഏതാണ്ട് 110 കിലോമീറ്റർ തെക്കുഭാഗത്താണ് മലക്കപ്പാറ. ചാലക്കുടിയിൽനിന്ന് തുന്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ വഴി 86 കിലോമീറ്റർ ദൂരം. വാൽപ്പാറയിലേക്കുള്ള വഴിയിലാണ് ഈ പ്രദേശം.
തേയിലത്തോട്ടങ്ങളുടെ ഭംഗികണ്ട് ത്രില്ലടിപ്പിക്കുന്ന വനയാത്ര ആസ്വദിക്കാൻ മലക്കപ്പാറ- വാൽപ്പാറ റൂട്ട് തെരഞ്ഞെടുക്കാം. ആനക്കൂട്ടമോ മറ്റു വന്യജീവികളോ ഏതു സമയത്തും മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാമെന്നതിനാൽ വനത്തിലൂടെയുള്ള യാത്ര വളരെ ശ്രദ്ധിച്ചുവേണം.
ലോവർ ഷോളയാർ, തമിഴ്നാടിന്റെ അപ്പർ ഷോളയാർ എന്നിങ്ങനെ രണ്ടു ഡാമുകളുടെ സുന്ദരമായ കാഴ്ചയും യാത്രയിൽ കാത്തിരിക്കുന്നുണ്ട്. മലക്കപ്പാറ ചെക്പോസ്റ്റ് കഴിഞ്ഞാൽ തമിഴ്നാടായി. വാൽപ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും യാത്രതുടരാനാകും.
കൊച്ചിയിൽനിന്ന് കറുകുറ്റി, ഏഴാറ്റുമുഖം വഴി മലക്കപ്പാറയിലേക്കു പോകാം. ചാലക്കുടിയിൽനിന്ന് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളുണ്ട്. സ്വന്തം വാഹനത്തിൽ പോകുന്നവർ അതിരപ്പിള്ളിക്കു മുന്പ് ആവശ്യമായ ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണം.
മലക്കപ്പാറയിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രം, ചെറിയ ഹോം സ്റ്റേകൾ എന്നിവ ലഭ്യമാണ്.