ന്യൂയോർക്ക്: അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
പഴയ സിറ്റി ഹാൾ സബ്വേ ട്രെയിൻ സ്റ്റേഷനിൽ സ്വകാര്യമായി നടന്ന ചടങ്ങിൽ ഭാര്യ റമ ദുവാജി കയ്യിലേന്തിയ ഖുറാനിൽ തൊട്ടാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ന്യൂയോർക്കിന്റെ ചരിത്രത്തിൽ പുതിയ യുഗം തുടങ്ങിയതായി മംദാനി പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായിക മീരാ നായരുടെയും കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസർ മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്റാൻ ജനിച്ചതും വളർന്നതും യുഗാണ്ടയിലാണ്. സൊഹ്റാന് ഏഴു വയസുള്ളപ്പോൾ കുടുംബം യുഎസിലേക്കു കുടിയേറുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി അട്ടിമറിജയം നേടുകയായിരുന്നു. പലസ്തീൻ അനുകൂലിയും ഇടതു ചിന്താഗതിക്കാരനുമായ മംദാനി പ്രസിഡന്റ് ട്രംപിന്റെ കടുത്ത എതിർപ്പുകൾ മറികടന്നാണ് നേട്ടം കരസ്ഥമാക്കിയത്.