ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ചില നടപടികൾ എടുക്കുന്നുണ്ടെന്നു വരുത്താനെങ്കിലും സർക്കാർ ശ്രമിച്ചത് ആശാവഹമാണ്. പക്ഷേ, ദുരൂഹത വിട്ടൊഴിയുന്നില്ല. കമ്മീഷന്റെ ഒരു ശിപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാകാം ‘സൺഡേ സ്കൂൾ ക്ഷേമനിധി’ എന്ന ആശയം പരിഗണനയ്ക്കെടുത്തത്. ഇക്കാര്യത്തിൽ ജനുവരി 16നകം അഭിപ്രായം അറിയിക്കണമെന്ന് ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, ഇതുവരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, അവ്യക്തതയുടെ ഇരുട്ടിലും ദുർവ്യാഖ്യാന സാധ്യതകളുടെ മഴയിലും നിന്ന് പ്രതികരിക്കേണ്ടതില്ലെന്നാണ് കത്തോലിക്കാ സഭയുടെ തീരുമാനം. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഈ നിലപാട് ക്രിയാത്മക മനോഭാവത്തോടെ ഉൾക്കൊള്ളുകയും വൈകിയ വേളയിലെങ്കിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സുതാര്യ നടപടികളിലേക്കു കടക്കാൻ സർക്കാർ തയാറാകുകയും വേണം. ആശയക്കുഴപ്പമുണ്ടാക്കരുത്.
2020 നവംബർ അഞ്ചിന് നിയോഗിക്കുകയും 2023 മേയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചാണ് നാം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിച്ചതെങ്കിലും രണ്ടര വർഷത്തിനു ശേഷവും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഉള്ളടക്കം സർക്കാരിനറിയാം; ക്രൈസ്തവർക്കോ പൊതുസമൂഹത്തിനോ അറിയത്തുമില്ല.
എന്നിട്ടും വരൂ, അഭിപ്രായം പറയൂ എന്നു നിർബന്ധിക്കുന്നത് വിചിത്ര നടപടിയാണ്. അതിലേറെ വിചിത്രമാണ്, റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞെന്നും ബാക്കി ഉടനെ ശരിയാക്കുമെന്നുമുള്ള അറിയിപ്പ്. മറുവശം കേൾക്കാനുള്ള വിമുഖതയെ സൂചിപ്പിക്കുന്ന ‘മൻ കി ബാത്’കളുടെ പതിപ്പുകളാണിത്. സൺഡേ സ്കൂൾ ക്ഷേമനിധി പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അറിയാത്ത ഒന്നിനെക്കുറിച്ച് അഭിപ്രായം പറയുക അസാധ്യമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിലിന്റെ പ്രതികരണം ഇത്തരുണത്തിലാണ്. ക്രൈസ്തവസമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കൗതുകവസ്തുക്കൾകൊണ്ട് ചെക്ക് പറയുന്നത് സ്വീകാര്യമല്ല.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29നു ചേർന്ന യോഗത്തിലാണ് കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചത്. നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണമെന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സഭകളോട് ആവശ്യപ്പെട്ടത്.
കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചെന്നപോലെ നിർദിഷ്ട ക്ഷേമനിധിയുടെ വിശദാംശങ്ങളും ക്രൈസ്തവർക്ക് അറിയില്ല. മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെക്കുറിച്ചൊക്കെ ദുരൂഹതയാണ്. പിന്നെങ്ങനെയാണ് അഭിപ്രായം പറയുന്നത്? രണ്ടാമത്തെ കാര്യം, കത്തോലിക്കാ സഭയിലെ വിശ്വാസപരിശീലനം ഒരു ജോലിയോ തൊഴിലോ ആയി സഭ കരുതിയിട്ടില്ലാത്തതിനാൽ വേതനമോ പാരിതോഷികമോ സ്വീകരിക്കുന്നുമില്ല.
സുവിശേഷപ്രഘോഷണ ദൗത്യത്തിൽ പൂർണമനസോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ. മതപഠനം, മതങ്ങളുടെ സ്വകാര്യ ഉത്തരവാദിത്വമായതിനാൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന സഭാ നിലപാട് മതേതര സമൂഹത്തോടുള്ള പ്രതിബദ്ധതകൂടിയാണ്. ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യണമെങ്കിൽപോലും പദ്ധതിയെക്കുറിച്ച് അറിയണം. അതൊക്കെ ഒഴിവാക്കി തെരഞ്ഞെടുപ്പിനു മുന്പ് തിടുക്കത്തിൽ ഓർഡിനൻസിലൂടെ ക്ഷേമനിധി നടപ്പാക്കരുത്.
ഇതൊക്കെയാണെങ്കിലും ക്രൈസ്തവസമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് സർക്കാരിനു മിണ്ടാട്ടമില്ല. ദയവായി ആദ്യം ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടൂ. സഭകൾക്ക് അതൊന്നു വായിക്കാനും ചർച്ച ചെയ്യാനും ഇത്തിരി സമയം അനുവദിക്കൂ. റിപ്പോർട്ടിലെ 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്.
പക്ഷേ, അവ ഏതൊക്കെയാണെന്ന് ക്രൈസ്തവർക്കുപോലും കണ്ടെത്താനാകുന്നില്ല. എന്തൊരവസ്ഥയാണിത്! റിപ്പോർട്ടും പുറത്തുവിടുന്നില്ല. എത്ര ദുരൂഹമാണിത്! സർക്കാർ ആരെയോ ഭയപ്പെടുന്നു എന്ന നിഗമനത്തിലെത്തേണ്ടിയിരിക്കുന്നു. ഭരണഘടനയെയോ മതേതരത്വത്തെയോ വെല്ലുവിളിക്കുന്ന ഒരു മതനിയമമോ ആനുകൂല്യമോ ക്രൈസ്തവർക്ക് ആവശ്യമില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് സംസ്ഥാന സർക്കാരിനെ ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു. ക്ഷേമനിധിയായാലും നൊബേൽ സമ്മാനമായാലും അർഹതയില്ലാത്തതൊന്നും ക്രൈസ്തവർ കൈപ്പറ്റുകയുമില്ല.