കോട്ടയം: ആര്‍ച്ച്ബിഷപ് മാർ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന് ട്രസ്റ്റിന്റെ ഉദ്ഘാടനം 21ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജില്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിര്‍വഹിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷതവഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണപ്രഭാഷണം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം. മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ഡോ. ജാന്‍സി ജെയിംസ്, ടി. മുരളി വല്ലഭന്, ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. സിറിയക് തോമസ്, സെക്രട്ടറി ഡോ. പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. മാര്‍ ജോസഫ് പവ്വത്തിലിന്റെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഒരു പബ്ലിക് ട്രസ്റ്റ് രൂപീകരിച്ചത്.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ രക്ഷാധികാരിയും ബിഷപ് മാര്‍ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും, റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് വൈസ് ചെയര്‍മാനും, ഡോ. പി.ജെ. തോമസ് സെക്രട്ടറിയും, ഫാ. ജെയിംസ് കുന്നത്ത് ജോയിന്റ് സെക്രട്ടറിയും, എബ്രാഹം ജോര്‍ജ് പറമ്പില്‍ ട്രഷററു മായുള്ള ട്രസ്റ്റിന്റെ ആസ്ഥാനം ചങ്ങനാശേരിയാണ്.
മാര്‍ ജോസഫ് പവ്വത്തിലിന്റെ ദര്‍ശനങ്ങളും പ്രബോധനങ്ങളും പുസ്തകങ്ങളും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നതിനൊപ്പം അദ്ദേഹം ആധികാരികമായി ഇടപെട്ട വൈജ്ഞാനിക മേഖലകളായ ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും, പൊതുവിദ്യാഭ്യാസം, മാധ്യമ ഇടപെടലുകള്‍, സഭൈക്യ സംരംഭങ്ങള്‍, മതാന്തരസംവാദം, സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ദൈവശാസ്ത്രവും പരിവര്‍ത്തിത ക്രൈസ്തവരുടെ നിഷേധിക്കപ്പെടുന്ന നീതി എന്നി തലങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് വികാരി ജനറാള്‍ ഫാ. ആന്റണി എത്തക്കാട്ട്, റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പ റന്പിൽ, ഡോ. സിറിയക് തോമസ്, ഡോ. പി.ജെ. തോമസ് എന്നിവര്‍ പറഞ്ഞു.