കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാണ്ട് പിന്നിട്ടു. 2022 ഫെബ്രുവരി 24നാണ് യുക്രെയ്നെതിരേ റഷ്യ ആക്രമണം ആരംഭിച്ചത്. ഇരുഭാഗത്തുമായി സിവിലിയന്മാരടക്കം ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.
രണ്ടു ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ മാധ്യമസ്ഥാപനമായ മീഡിയസോണ അറിയിച്ചത്. ബിബിസിക്കൊപ്പമാണ് മീഡിയസോണ വിവരശേഖരണം നടത്തിയത്. ആറായിരം സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇരുഭാഗത്തുമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത സൈനികരുടെ എണ്ണം 20 ലക്ഷം ആയെന്നാണു റിപ്പോർട്ട്. യുക്രെയ്നെതിരേ പോരാടാൻ വിസമ്മതിച്ച ഒട്ടേറെ സൈനികരെ അധികൃതർ കൊലപ്പെടുത്തിയായി റഷ്യൻ സൈനികൻ വെളിപ്പെടുത്തി.
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖല റഷ്യൻ ആക്രമണത്തിൽ താറുമാറായി.
റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന്റെ പുനരുദ്ധാരണത്തിന് അടുത്ത ഒരു ദശകത്തിൽ 58,800 കോടി ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് യൂറോപ്യൻ കമ്മീഷൻ, യുഎൻ എന്നിവർ കണക്കാക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ദീർഘകാലമായി നടത്തുന്ന ശ്രമങ്ങൾക്കു കാര്യമായ ഫലമുണ്ടായിട്ടില്ല. യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണം എന്ന നിർദേശത്തിലാണ് അഭിപ്രായവ്യത്യാസം തുടരുന്നത്. യൂറോപ്യൻ യൂണിയൻ യുക്രെയ്ന് പൂർണ പിന്തുണ നല്കുന്നു.
യുക്രെയ്ൻ ജനതയുടെ നാലു വർഷത്തെ ത്യാഗം വിസ്മരിച്ച് റഷ്യയുമായി സമാധാനക്കരാർ ഉണ്ടാക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നാലാം വാർഷികദിനമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘകാല സമാധാനമാണു യുക്രെയ്ൻ ആഗ്രഹിക്കുന്നതെങ്കിലും നാലു വർഷത്തെ യുക്രെയ്ൻ ജനതയുടെ പോരാട്ടം, ധൈര്യം എന്നിവയെ നിരാകരിക്കുന്നതു വഞ്ചനയ്ക്കു തുല്യമാണെന്ന് സമാധാനചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ സന്ദർശിച്ച് യുക്രെയ്ൻ ജനതയുടെ ജീവിതവും ദുരിതവും നേരിട്ടു കാണണം. യുക്രെയ്ൻ ജനതയെ തകർക്കുക എന്നതടക്കം ഒരു ലക്ഷ്യവും പുടിനു നേടാൻ കഴിഞ്ഞിട്ടില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
വാർഷികത്തിന്റെ ഭാഗമായി യുക്രെയ്നിലെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ലാത്വിയ പ്രധാനമന്ത്രി എവിക സിലിന, ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രം, നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ തുടങ്ങിയവർ കീവിലെ സെന്റ് സോഫിയ കത്തീഡ്രലിലെ അനുസ്മരണചടങ്ങിൽ പങ്കെടുത്തു.