മങ്കട: കേരളോത്സവം ജില്ലാ വോളിബോൾ മത്സരത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂർക്കനാട് യംഗ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (വൈഎഫ്സി) ജേതാക്കളായി. ഫൈനലിൽ അരിന്പ്ര ബ്ലോക്ക് പഞ്ചായത്ത് ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ചാന്പ്യൻമാരായത്.
1971 ൽ മൂർക്കനാട് കല്ലുവെട്ടുകുഴിയിൽ രൂപീകരിച്ച ക്ലബ്, വോളിബോൾ മത്സരങ്ങളിൽ ആദ്യകാലം മുതൽ സജീവമാണെങ്കിലും ആദ്യമായാണ് ജില്ലാ ചാന്പ്യൻഷിപ്പ് നേടുന്നത്. വിവിധ പ്രായമുള്ളവരുടെ ഗ്രൂപ്പുകളിൽ ജില്ലാ, സംസ്ഥാന ടീമുകളിലേക്ക് സെലക്ഷൻ നേടാൻ ക്ലബിലെ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കെ.പി. ഷാഹിൻ, കെ.പി. ഷഫ്രിൻ, ടി. റമീസ്, പി.കെ. സലാഹുദ്ദീൻ, എം.ടി. ഫാഹിം, എം. ജിതിൻ, എൻ.ടി. റമീസ്, കെ. ഫസൽ എന്നിവരടങ്ങുന്ന ടീമിനെയും കോച്ച് ഹുസൈൻ പൂവക്കുറുശിയെയും നാട്ടുകാർ ആദരിച്ചു. ആലപ്പുഴയിൽ ഈ മാസം നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് വൈഎഫ്സി ടീം കളത്തിലിറങ്ങും.