ഒറ്റപ്പാലം: ലക്കിടി -തിരുവില്വാമല റോഡിൽ കുഞ്ചൻ സ്മാരക വായനശാലയ്ക്കു സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.
തിരുവില്വാമല കണിയാർകോട് സ്വദേശി ശരണ്യ(23), മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിനു സാരമായി പരിക്കേറ്റു.
തിരുവില്വാമലയിലെ വീട്ടിൽനിന്നു ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്കു പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻദാസാണു സ്കൂട്ടർ ഓടിച്ചത്. എതിർഭാഗത്തുനിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരണ്യയെയും മകളെയും രക്ഷിക്കാനായില്ല.