പരീക്ഷയ്ക്കും പരീക്ഷാഫലത്തിനുമിടയിലെ ദൂരം ഞാനിപ്പോൾ ഓർക്കാറില്ല. ഓർത്താൽ വല്ലാത്തൊരു ഭയം വന്നെന്നെ പൊതിയും. ഫലം അറിയാനുള്ള ദൂരം കുറഞ്ഞുവരുന്ന സന്ദർഭങ്ങളിൽ രാത്രിയിൽ ഉറക്കം ഉണ്ടാവില്ല. ഭക്ഷണത്തിനോടു പൂർണ വിരക്തി. വല്ലാത്തൊരു നിസംഗത. വീടിനു പുറത്തിറങ്ങാതെ മുറിയിൽത്തന്നെ തലകുനിച്ചിരിക്കും. റിസൾട്ട് വരുന്നതിന്റെ തലേന്നാണ് ശരിക്കുള്ള പൂരം. സകല കൊട്ടിപ്പാട്ടുകളും ഒരുപോലെ നെഞ്ചിനുള്ളിൽ മുഴങ്ങും. തല മരവിച്ച അവസ്ഥയിലാകും. ശരീരത്തിന് ഒട്ടും ബലമില്ലാതാകും. റിസൾട്ടിന്റെ ചാർട്ട് ഞാൻ നോക്കിത്തുടങ്ങുന്നത് അവസാനഭാഗത്തുനിന്നാണ്. ആ ഭാഗത്താകും എന്റെ ക്രമനമ്പർ തണുത്തുറഞ്ഞ ജലാശയത്തിൽ ചത്ത മീൻകുഞ്ഞിനെപോലെ കിടപ്പുണ്ടാവുക. അതൊരു കാലം.
ഒരിക്കൽ ഫലമറിഞ്ഞ് യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്ററിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ എന്നെപ്പോലെ ചാർട്ടിൽ നമ്പരില്ലാത്ത സുഹൃത്ത് പറഞ്ഞു “നമ്മൾ രണ്ടുപേരുടെയും നമ്പർ ചാർട്ടിൽ ചേർക്കാൻ യൂണിവേഴ്സിറ്റി മറന്നുപോയതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല”എന്ന്. ഞങ്ങൾ അടുത്തടുത്തിരുന്നാണ് പരീക്ഷ എഴുതിയത്. അവനും എനിക്കും ഒരേ ചോദ്യപേപ്പർ. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഉത്തരം. “ഇതവരെ കൺഫ്യൂഷൻ ആക്കിയിട്ടുണ്ടാകും” എന്ന് ഞാൻ അവനോട് പറഞ്ഞു. അടുത്ത തവണ ഞങ്ങൾ രണ്ടു സെന്ററുകളിലായി പരീക്ഷ എഴുതി. ഞങ്ങൾ രണ്ടുപേർക്കും ഒരേ ചോദ്യപേപ്പർ. പക്ഷേ, ഞങ്ങൾ രണ്ടുപേർക്കും രണ്ടുത്തരങ്ങളായിരുന്നു. ഫലം വന്നപ്പോൾ ഞങ്ങൾ സാമാന്യം ഭേദപ്പെട്ട മാർക്ക് വാങ്ങി ജയിച്ചു. അങ്ങനെ സർവകലാശാല അകറ്റിവിട്ട ഞങ്ങൾ ജീവിതത്തിൽ ജയിച്ചുകയറാൻ ആവുന്നത്ര അകന്നുനടന്നു. കത്തിടപാടുകൾ കുറഞ്ഞു. ഫോൺവിളി ഇല്ലാതായി. ആഘോഷങ്ങൾ അറിയാതായി. കാലം പിന്നെയും ഇഴഞ്ഞു.
ഒരു ദിവസം അവൻ എന്നെ തേടി വന്നു. എനിക്കദ്ഭുതമായി. വിദേശത്ത് ഒരു ഐടി കമ്പനിയുടെ മേധാവിയായി വിലകൂടിയ ഒരു നഗരത്തിൽ ജീവിക്കുന്നവന്റെ വരവ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവൻ വന്നു. വന്നപ്പോൾ ഒരു കെട്ട് പുസ്തകങ്ങൾ സമ്മാനമായി എനിക്ക് കൊണ്ടുതന്നു. എല്ലാം പശ്ചാത്യം.
നരവംശശാസ്ത്രം മുതൽ ഉത്തരാധുനികത വരെയുണ്ട്. “നിന്റെ ആർത്തി എനിക്കറിയാം. അതിനാലാണ് ഇതെല്ലാം കൊണ്ടുവന്നത്” അവൻ പറഞ്ഞു. ഞങ്ങൾ ഒത്തിരിനേരമിരുന്നു സംസാരിച്ചു. വൈകുന്നേരം കടപ്പുറത്തുപോയി മത്സരിച്ചു തിരയെണ്ണി. നേരം ഇരുണ്ടപ്പോൾ ഹേമശ്യാമനാഗങ്ങളെപോലെ പിണഞ്ഞ രതിയെയും മൃതിയെയും കുറിച്ച് ഗൗരവംപൂണ്ടു. ഒടുവിൽ തിരയിലേക്കിറങ്ങി നിന്നവൻ നടരാജനായി. ആ രാത്രി ഞങ്ങൾ ഉറങ്ങാതെ നഗരം ചുറ്റി. നമുക്ക് ഒരിക്കൽകൂടി ഒരുമിച്ചിരുന്ന് പരീക്ഷ എഴുതണമെന്ന് അവൻ തമാശ പറഞ്ഞു. “അപ്പോഴും നമ്മൾ വീണ്ടും തോൽക്കും അല്ലേ?” ഞാൻ ചോദിച്ചു. അവൻ ചിരിച്ചു. അവന്റെ ചിരിയിൽ ശിരോശീർഷത്തിലുള്ള സഹസ്രാരംവരെ പൊട്ടിപ്പോകുമോ എന്നു തോന്നി.
അവൻ തന്ന പുസ്തകങ്ങളിലൊന്ന് കഴിഞ്ഞ ദിവസമാണ് ഞാൻ വായിക്കാനെടുത്തത്. ജെ. കൃഷ്ണമൂർത്തിയുടെ Last Talks At Saanen 1985. അത് ജിദ്ദുവിന്റെ അവസാനകാല പ്രഭാഷണങ്ങളുടെ പുസ്തകമായിരുന്നു. എന്നെ ആകർഷിച്ചത് ആ പുസ്തകത്തിനുള്ളിലെ ജിദ്ദുവിന്റെ ചിത്രങ്ങളായിരുന്നു. “ഇമ ചിമ്മി ചിമ്മി നോക്കിനിന്നുപോയ് ഞാൻ മൂവന്തിക്കമനീയമഹാനടനലീല” എന്ന് മഹാകവി ജി എഴുതിയതുപോലെ വിസ്മയങ്ങളിലേക്ക് തുറന്നിട്ട മിഴികളായിരുന്നു ജിദ്ദുവിന്റേത്. എത്ര ലളിതമായാണ് ആ കണ്ണുകൾ സംസാരിക്കുന്നത്. പുസ്തകത്തിൽ ജിദ്ദുവിന്റെ ഒരുപാട് കണ്ണുകളുണ്ട്. ആ കണ്ണുകളിൽ നോക്കിയിരുന്നാണ് ഞാനാ പ്രഭാഷണങ്ങൾ വായിച്ചു കേട്ടത്.
പ്രഭാഷണത്തിനിടയിൽ ജിദ്ദു പറയുന്നു, എല്ലാം നിശ്ചലമാണ്. പ്രഭാതത്തിലെ കടൽ, ദുഃഖിക്കുമ്പോഴുള്ള മനസ്, പ്രണയിക്കുമ്പോഴുള്ള ഹൃദയം, പർവത താഴ്വാരങ്ങളിലെ മരങ്ങൾ, മേഘങ്ങൾ, തടാകങ്ങൾ, നിറങ്ങൾ എല്ലാം നിശ്ചലമാണ്. നമ്മൾ നമ്മളെത്തന്നെ തൊടുമ്പോഴാണ് എല്ലാം ചലിക്കാൻ തുടങ്ങുന്നത്. കടലും മനസും ഹൃദയവും മരങ്ങളും മേഘങ്ങളും തടാകങ്ങളും നിറങ്ങളും ചലിക്കാൻ തുടങ്ങുന്നു. അപ്പോൾ ഭവൽക്കാലവും ഭൂതകാലവും ചലിക്കാൻ തുടങ്ങുന്നു. വാക്കും അർഥവും ഒരേ ബിന്ദുവിൽ അലിഞ്ഞുയിർകൊള്ളുന്നു. ഇരുട്ടും പ്രകാശവും ചലിക്കുന്നു. ചെറിയ നീർപ്പോള മുതൽ ഹിമാലയംവരെ ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം ഇന്നേവരെ നാം അറിഞ്ഞതിൽനിന്നുള്ള മോചനങ്ങൾ കൂടിയാണ്. ഒരു കളിപ്പാട്ടത്തിനോടു കുട്ടിക്ക് താത്പര്യം നഷ്ടപ്പെടുന്നത് അത് ചലിക്കാത്തതുകൊണ്ടല്ല, അവൻ ചലിക്കാത്തതുകൊണ്ടാണ്. സ്നേഹരാഹിത്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ ഉള്ളിൽ സൂര്യചന്ദ്രന്മാരും അനന്തകോടി താരാഗണങ്ങളും പ്രകാശിക്കുന്നുണ്ട്. ചലനം ഇല്ലാത്ത നമ്മുടെ അന്ധനേത്രങ്ങൾ അത് അറിയുന്നില്ല എന്നേയുള്ളൂ. ഇതൊക്കെ വല്ലാത്ത ആലോചനാ വിഷയങ്ങളാണ്. പുസ്തകം അടച്ചുവച്ച് ഞാൻ പുറത്തേക്കു നോക്കിയിരുന്നു.
സ്റ്റീഫൻ ഹോക്കിംഗിനെക്കുറിച്ച് ഞാൻ ഓർക്കുകയായിരുന്നു. നക്ഷത്രങ്ങളെ നോക്കി കാലത്തിന്റെ സംക്ഷിപ്തചരിത്രം എഴുതിയ ഹോക്കിംഗ്. ഐൻസ്റ്റൈനുശേഷം ലോകം കണ്ട ഏറ്റവും ശ്രദ്ധേയനായ ശാസ്ത്ര പ്രതിഭ. ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത ഒരാൾ. കവിളിലെ പേശികളിൽ ഘടിപ്പിച്ച സെൻസർ വഴി ചുണ്ടുകളുടെ ചലനത്തെ രേഖപ്പെടുത്തുകയും അതു പിന്നീട് പകർത്തിയെഴുതുകയുമായിരുന്നു. സ്വയം നിശ്ചലനായി നിന്നുകൊണ്ട് സകലതിനെയും ചലിപ്പിക്കുക എന്നതു വിസ്മയകരമാണ്. ഹോക്കിംഗ് അങ്ങനെയൊരാളായിരുന്നു. ഈ നിമിഷം ഓർക്കുന്ന ഒരാൾ കൂടിയുണ്ട്. ചലനശേഷി അശേഷമില്ലാതെ, പാർക്കിൻസൺസ് രോഗാവസ്ഥയാൽ ചലിക്കാതിരുന്ന ഒരാൾ. അദ്ദേഹമാണ് ആധുനിക മലയാള സാഹിത്യത്തെ ഏറ്റവും അധികം ചലനാത്മകമാക്കിയത്; ഒ.വി. വിജയൻ.
ഞാൻ വീണ്ടും രാമനാഥനെ കേട്ടു തുടങ്ങുന്നു. വിളംബിത കാലത്തിന്റെ ഉരുകിയൊലിക്കുന്ന സ്വനം. ഞരക്കത്തിൽനിന്ന് കൊടുങ്കാറ്റിലേക്കുള്ള കാലഭുജംഗപ്രയാണം. വ്യോമമൗനത്തിൽ ഉൾച്ചേർന്ന മഹാതാരകത്തെ മണ്ണിലേക്ക് ആവാഹിക്കുന്ന ആനന്ദഭൈരവി. രാമനാഥൻ പാടിക്കൊണ്ടേയിരിക്കുന്നു. ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു. ഒന്നും നിശ്ചലമാകുന്നില്ല. എല്ലാം ചലിക്കുന്നു.