ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്ന് ഇന്‍ഡിഗോ.
നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചെന്നും ശനിയാഴ്ച 138 ഇടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന 135 സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിസന്ധിയുടെ അഞ്ചാം ദിവസമായ ഇന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതോടെ ബംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചു കൂടി.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.
ഇന്‍ഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി എട്ടിനു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നു കേന്ദ്രം ഉത്തരവിട്ടു.
റീഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവു നല്‍കുകയും ചെയ്തിട്ടുണ്ട്.