കോഴിക്കോട്: സംസ്ഥാനത്തെ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളിലെ (പോക്സോ കോടതികള്‍) സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇനി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജുവനൈല്‍ ജസ്റ്റീസ് ആക്ട് (ജെജെ ആക്ട്) പ്രകാരമുള്ള കേസുകളും വാദിക്കണം. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജുവനൈല്‍ ജസ്റ്റീസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യാനുള്ള അധികാരം പോക്സോ കോടതികള്‍ക്കുകൂടി ഉള്ളതിനാല്‍, ഇത്തരം കേസുകള്‍ ഇനിമുതല്‍ അതാത് കോടതികളിലെ പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തന്നെ നടത്തണമെന്നാണു നിര്‍ദേശം.
സാധാരണ കോടതികളില്‍നിന്നു പോക്സോ/ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് മാറ്റുന്ന മറ്റു പോക്സോ ഇതര കേസുകള്‍ റെഗുലര്‍ പബ്ലിക് പ്രോസിക്യൂട്ടര്മാര്തന്നെ നടത്തണം. ഇതിനായി ഇരു കോടതികളിലെയും സമയം ക്രമീകരിച്ച് അവര്‍ ഹാജരാകണം.
ഇടുക്കിയിലെ പൈനാവ്, ദേവികുളം എന്നിവിടങ്ങളിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പോക്സോ ഇതര കേസുകള്‍ നടത്താന്‍ വിസമ്മതിച്ചതായി തൊടുപുഴ ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുതിയ തീരുമാനമെടുത്തത്.
ഡിസ്ട്രിക്ട് ജുഡീഷറി രജിസ്ട്രാര്‍ ഇതുസംബന്ധിച്ചു നല്കിയ റിപ്പോര്‍ട്ടില്‍, പോക്സോ ഇതര കേസുകള്‍ മറ്റു കോടതികളിലേക്കു മാറ്റുന്നതു കക്ഷികള്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവര്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം കോടതികളില്‍ പോക്സോ ഇതര കേസുകളുടെ വിചാരണ തടസപ്പെടാതിരിക്കാന്‍ മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ഈ വിഷയം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) വിശദമായി പരിശോധിക്കുകയും രജിസ്ട്രാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രശ്ന പരിഹാരത്തിനായി ഡിജിപി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.