കുറവിലങ്ങാട്: ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ന് പുതിയ അധ്യക്ഷന്മാർ ചുമതലയേൽക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഭൂരിപക്ഷമുള്ള മുന്നണികൾ ധാരണയിലെത്തിയിട്ടുണ്ട്. മരങ്ങാട്ടുപിള്ളിയിൽ ഇടത്-വലത് മുന്നണികൾ തുല്യമായതിനാൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
മരങ്ങാട്ടുപിള്ളിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിൽ ഗ്രേസിക്കുട്ടി ഏബ്രഹാമും എൽഡിഎഫിൽ ജാൻസി ടോജോയും മത്സരിക്കും. യുഡിഎഫിൽ ഒരു വനിതാ അംഗം മാത്രമേയുള്ളൂ.
ഉഴവൂരിൽ യുഡിഎഫ് പ്രതിനിധി ബിനു ജോസ് തൊട്ടിയിൽ പ്രസിഡന്റാകും. വൈസ് പ്രസിഡന്റായി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. തങ്കച്ചൻ മത്സരിക്കും. വെളിയന്നൂരിൽ ഇടതിലെ കേരള കോൺഗ്രസ്-എം പ്രതിനിധി ജിനു സിജു പ്രസിഡന്റാകും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രാജു ജോൺ വൈസ് പ്രസിഡന്റാകും.
കുറവിലങ്ങാട് എൽഡിഎഫിലെ സിബി മാണി പ്രസിഡന്റും ഷിജി തോമസ് വൈസ് പ്രസിഡന്റുമാകും. ഇരുവരും കേരളാ കോൺഗ്രസ്-എം പ്രതിനിധികളാണ്. കടപ്ലാമറ്റത്ത് ജീന സിറിയക് പ്രസിഡന്റാകും. കേരള കോൺഗ്രസ് -എം പ്രതിനിധിയാണ് ജീന. സജീവ് കുമാർ വൈസ് പ്രസിഡന്റാകും.
ഉഴവൂർ ബ്ലോക്കിൽ ബിന്ദു സുരേന്ദ്രൻ പ്രസിഡന്റും മാഞ്ഞൂർ മോഹൻകുമാർ വൈസ് പ്രസിഡന്റുമാകും. 14 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് പത്ത് അംഗങ്ങളാണുള്ളത്.