ഒറ്റപ്പാലം: വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷ കയറി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുട്ടികൾ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. വാണിയംകുളം തൃക്കങ്ങോട്ടുവച്ച് ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം.
മനിശേരി യുപി സ്കൂളിലേക്കു വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷയാണ് എതിരേവന്ന മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തുവിനു മുകളിൽ കയറിയത്. ഉടനെ ഇത് ഉഗ്രശബ്ദത്തോടുകൂടി പൊട്ടിത്തെറിച്ചുവെന്നാണ് ഓട്ടോ ഡ്രൈവർ കെ. രാധാകൃഷ്ണൻ പറയുന്നത്.
വിവേകാനന്ദ - ചാത്തൻപറമ്പ് റോഡിൽവച്ചാണ് സംഭവം. ഓട്ടോയുടെ നിയന്ത്രണംതെറ്റിയെങ്കിലും മറിയുകയോ സ്ഫോടനത്തിൽ മറ്റ് അപകടം ഉണ്ടാവുകയോ ചെയ്യാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമാണന്നു രാധാകൃഷ്ണൻ പറയുന്നു. സംഭവസ്ഥലത്ത് വലിയ പുകപടലങ്ങളുയർന്നതായും ഇദ്ദേഹം പറയുന്നു. ചെറിയ കേടുപാടുകൾ മാത്രമാണ് ഓട്ടോറിക്ഷയ്ക്കുണ്ടായത്.സ്കൂളിന് 200 മീറ്റർ അകലെവച്ചായിരുന്നു സംഭവം.
പന്നിശല്യം രൂക്ഷമായ പ്രദേശമാണിത്. കാട്ടുപന്നികളെ തുരത്തുന്നതിന് കൊണ്ടുവന്ന പടക്കമാകാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികനിഗമനം. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.
അതേസമയം, എങ്ങനെയാണ് പന്നിപ്പടക്കം റോഡരികിൽ എത്തിയതെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് ഒറ്റപ്പാലം തോട്ടക്കരയിൽ പന്നിപ്പടക്കത്തിൽതട്ടി 11 വയസ്സുകാരന്റെ കാൽപാദം തകർന്നത്.