കറാച്ചി/കൊളംബോ: ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കരുതി ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് കളിക്കുമെന്നായിരുന്നു പാക് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. എന്നാല്‍, സാമ്പത്തിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ക്ലോസ്ഡ് ഡോര്‍ ചര്‍ച്ചകളിലൂടെ മത്സരം കളിക്കാനുള്ള തീരുമാനത്തിലേക്ക് പാക്കിസ്ഥാനെ എത്തിക്കുകയായിരുന്നു. മാത്രമല്ല, യുഎഇ, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് അസോസിയേഷനുകളും പാക് ക്രിക്കറ്റ് ബോര്‍ഡിനുമേല്‍ (പിസിബി) സമ്മര്‍ദം ചെലുത്തി. മത്സരം ബഹിഷ്കരിച്ചാല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നതും പിസിബിയെ അയയാന്‍ പ്രേരിപ്പിച്ചു. 616 കോടി രൂപയുടെ ബാധ്യത ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറിയാല് പിസിബിക്കു മേല്‍ വരുമായിരുന്നു.
► ലങ്കയുടെ തുറുപ്പ്
ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) തങ്ങളുടെ തുറുപ്പ് ചീട്ടെടുത്ത് വീശിയതും പിസിബിയെ കുഴക്കി. 2009ല്‍ ലാഹോറില്‍വച്ച് ശ്രീലങ്കന്‍ ടീമിനെതിരേ ഭീകരാക്രമണം നടന്നതും പിന്നീട് ടീമുകള്‍ പാക് പര്യടനം നടത്താതിരുന്നപ്പോള്‍ ലങ്ക പാക്കിസ്ഥാനിലെത്തി പ്രതിസന്ധിയില്‍ കൂട്ടായതും എസ്എല്‍സി പിസിബിക്കു നല്കിയ കത്തില്‍ സൂചിപ്പിച്ചു. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കി ഒപ്പം നില്ക്കണമെന്നതായിരുന്നു ലങ്കയുടെ ഇമോഷണല്‍ തുറുപ്പ് ചീട്ട്.
► പിസിബി & ബിസിബി
കറാച്ചിയില്‍ നടന്ന യോഗത്തില്‍ ഐസിസി ഡെപ്യൂട്ടി ചെയര്മാന് ഇമ്രാന് ഖ്വാജ പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ എന്നിവരായിരുന്നു പങ്കെടുത്തത്. പിസിബി ഐസിസിക്കു മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍ നിരത്തിയതായാണ് റിപ്പോര്‍ട്ട്.
ഐസിസി ഫുള്‍ മെംബര്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന സാമ്പത്തിക വിഹിത രീതിയില്‍ മാറ്റംവരുത്തി പുതിയ രീതി കൊണ്ടുവരുക, ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരകള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തില്‍ ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യണം എന്നീ ആവശ്യങ്ങളാണ് പിസിബി മുന്നോട്ടുവച്ചത്. ഇതില്‍ ഇന്ത്യ x പാക് പരമ്പര നടക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് വിവരം. പിസിബിയുടെ മറ്റ് ആവശ്യങ്ങളില്‍ ഐസിസിയുടെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.
ലോകകപ്പില്‍നിന്നു പിന്മാറേണ്ടിവന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം വേണമെന്നതായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, ലോകകപ്പില്‍നിന്നു പിന്മാറിയതിനാല് ബംഗ്ലാദേശിനുമേല്‍ സാമ്പത്തിക അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് ഐസിസി അറിയിച്ചു.