നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ "നൻമ’ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെയും ധർണയുടെയും പ്രചാരണാർഥം പ്രതിഷേധ കലാസായാഹ്നം സംഘടിപ്പിച്ചു. നിലന്പൂർ പഴയ ബസ് സ്റ്റാൻഡിൽ അഭിഭാഷകനും സംവിധായകനുമായ എസ്. ബിജിലാൽ ഉദ്ഘാടനം ചെയ്തു.
കലാകാര ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കുക, പാവപ്പെട്ട കലാകാരൻമാർക്ക് നൽകുന്ന പെൻഷൻ 1,600 രൂപയായി വർധിപ്പിക്കുക, പെൻഷനും ക്ഷേമനിധി പെൻഷനും തുല്യമാക്കുക, രാത്രി പത്തിനു ശേഷമുള്ള മൈക്ക് നിരോധനത്തിന് ഇളവു നൽകുക, സ്കൂളുകളിൽ കലാധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെയാണ് സെക്രട്ടറിയറ്റ് മാർച്ചും ധർണയും.
"നൻമ' നിലന്പൂർ മേഖലാ പ്രസിഡന്റ് ഉമേഷ് നിലന്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുക്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സജിത്ത് വി. പൂക്കോട്ടുംപാടം, മേഖലാ സെക്രട്ടറി ജയരാജ് തണൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിൽ രാമൻ അഭിലാഷ് പാലേമാട്, സി. കുഞ്ഞു വണ്ടൂർ, നിലന്പൂർ യൂണിറ്റ് സെക്രട്ടറി സജീവ് മുതുകാട്, ഗായകൻ നിലന്പൂർ സുരേഷ് എന്നിവർ പ്രസംഗിച്ചു.