Kerala
കൊല്ലം: രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ തിരോധാനം കൊലപാതകമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ അമ്മ കലാസൂര്യ തമിഴ്നാട് സ്വദേശി കണ്ണൻ എന്നയാളെ വിവാഹം ചെയ്തിരുന്നു. ഇവരുടെ മൂന്നാം ഭർത്താവാണ് കണ്ണൻ.
കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കലാസൂര്യയും കണ്ണനും തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ കലാസൂര്യ നാട്ടിലേക്ക് വന്നതിന് പിന്നാലെയാണ് സംശയം തോന്നിയ അമ്മൂമ്മ പോലീസിനെ സമീപിച്ചത്.
പുനലൂർ പോലീസ് അമ്മയെ ചോദ്യം ചെയ്തതിൽ മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി.
കലാസൂര്യയയുമായി മധുരയിലെത്തി അന്വേഷണം നടത്തി. കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തുടർന്ന് കണ്ണനെ പിടികൂടി. തമിഴ്നാട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: പുനലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. സ്ഥാനാർഥിയുടെ ഫ്ലക്സ് വയ്ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
ശാസ്താംകോണം വാർഡിലാണ് സംഭവം. ബിജെപി പ്രവർത്തകൻ രതീഷിനാണ് വെട്ടേറ്റത്. സംഘർഷത്തിൽ ബിജെപി, സിപിഎം പ്രവർത്തകർക്കും പരിക്കുണ്ട്.
വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വാർഡിലെ എൻഡിഎ സ്ഥാനാർഥി മണിക്കുട്ടനെയും വെട്ടാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നിലവിൽ സംഘർഷാവസ്ഥ ഇല്ലെങ്കിലും മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Kerala
പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരൾച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്.
25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി.
ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.