District News
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മ(65)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
Health
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്.
മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
- പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു.
ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ
നായകടി ഒഴിവാക്കാൻ
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
District News
കോട്ടയം: ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പേവിഷബാധ ബോധവത്കരണ കാമ്പയിൻ നടത്തും. പേവിഷബാധയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും വിദ്യാർഥികളും ചെയ്യേണ്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാതല ഉദ്ഘാടനം കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നാളെ നടക്കും. രാവിലെ 10ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിക്കും.
കാമ്പയിന്റെ ലക്ഷ്യം
* സ്കൂൾ കോമ്പൗണ്ടിൽ തെരുവുനായ്ക്കൾ പെരുകുന്നത് തടയുന്നതിനായി സ്കൂൾ പരിസരം ശുചീകരിച്ച് ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കൽ.
* രോഗം പരത്തുന്ന മൃഗങ്ങൾ, പകരുന്ന രീതി എന്നിവയേക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തൽ.
* മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവ ഏറ്റാൽ രക്ഷിതാക്കളേയോ അധ്യാപകരേയോ ഉടനടി വിവരമറിയിക്കാൻ കുട്ടികളെ പ്രാപ്തരാക്കൽ.
* സ്കൂളിലേക്കു വരുന്ന വഴിയിൽ തെരുവുനായ ആക്രമിച്ചാൽ നിർബന്ധമായും സ്കൂൾ ടീച്ചറോട് പറയേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തൽ.
* പ്രഥമശുശ്രൂഷ നൽകിയശേഷം എത്രയും വേഗം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു വാക്സിൻ നൽകൽ.
* സ്കൂളിൽ പ്രഥമശുശ്രൂഷ കിറ്റ് കരുതേണ്ടതിന്റെയും അതിൽ കൈയുറ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തൽ.
Kerala
കോഴഞ്ചേരി: വളര്‍ത്തുനായയുടെ കടിയേറ്റതിനെത്തുടർന്ന് പേ വിഷബാധയേറ്റ യുവാവ് മരിച്ചു. കുമ്പനാട് -കടപ്ര ഇടമനകാലായില് ഇ.ടി. അനീഷാണു (38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ടു മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേല്‍ക്കുകയും തുടര്‍ന്ന് നായയെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. വളര്‍ത്തുനായയ്ക്കു പ്രതിരോധ കുത്തിവയ്പൊന്നും എടുത്തിരുന്നില്ല. നായയുടെ കടിയേറ്റ വിവരം മറ്റാരോടും പറയുകയോ പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ ചെയ്തില്ല. രണ്ടു ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തുകയും അവിടെ നടന്ന പരിശോധനയിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് പ്രത്യേക വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം സംഭവിച്ചത്.
Kerala
പരിയാരം(കണ്ണൂർ): വാക്സിനെടുത്തിട്ടും അഞ്ചുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. തമിഴ്നാട് കുറിശി സ്വദേശികളായ മണിമാരൻ -ജാതീയ ദമ്പതിമാരുടെ മകൻ ഹാരിത്ത് (അഞ്ച്) ആണു കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
രോഗലക്ഷണങ്ങളെത്തുടർന്ന് കഴിഞ്ഞ18 നാണ് കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 15 വർഷമായി കേബിൾ ഓപ്പറേറ്ററായി ജോലി ചെയ്തു കണ്ണൂർ പയ്യാമ്പലത്ത് താമസിക്കുകയാണ് മണിമാരനും ഭാര്യയും. ഇവരുടെ ഏകമകനാണ് ഹാരിത്ത്. മേയ് 31നാണ് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഹാരിത്തിനെ തെരുവുനായ കടിക്കുന്നത്. വലതുകണ്ണിനും ഇടതുകാലിലുമാണ് കടിയേറ്റത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്റീറാബീസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും നൽകി. തുടർന്ന് രണ്ടു പ്രാവശ്യവും വാക്സിൻ നൽകിയിരുന്നു.
എന്നാൽ, ചികിത്സയ്ക്കുശേഷവും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും റാബീസ് രോഗം പൂർണമായും ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റത് അന്വേഷിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെക്ടർ കൺട്രോൾ ആൻഡ് സ്യൂണോസ്സ് (ഐവിസി സെഡ്) മുഖേനയാണ് അന്വേഷണം നടക്കുന്നത്.