കൊച്ചി: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
മൂന്നാമത്തെ ബലാല്‍സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം പ്രത്യേക സത്യവാങ്മൂലവും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. രാഹുലിന് ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന നിലപാടാവും അന്വേഷണ സംഘം കോടതിയില്‍ സ്വീകരിക്കുക.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കുമെന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ജനുവരി 11നാണ് കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ മാവേലിക്കര സബ് ജയിലിലാണ് രാഹുൽ. മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും രാഹുലിനെതിരെ അന്വേഷണം നടക്കുകയാണ്.