തിരുവനന്തപുരം: തുടർച്ചയായി ലൈംഗികപീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കാനുള്ള നടപടിക്രമങ്ങൾ ഇപ്പോഴത്തെ നിയമസഭയുടെ കാലാവധിക്കുള്ളിൽ പൂർത്തിയാക്കുക എളുപ്പമാകില്ലെന്നു വിലയിരുത്തൽ.
നിലവിലെ 15-ാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ നാലു മാസം മാത്രം അവശേഷിക്കേ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി ഹിയറിംഗും തെളിവെടുപ്പും അടക്കമുള്ള നടപടിക്രമം പൂർത്തിയാക്കി പാലക്കാട്ടുനിന്നുള്ള സ്വതന്ത്രാംഗം രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് ഏറെ ദുഷ്കരമാകുമെന്നാണ് പാർലമെന്ററി വിദഗ്ധരുടെ അഭിപ്രായം.
ലൈംഗികപീഡനം സംബന്ധിച്ച് സ്പീക്കർക്ക് പരാതികൾ ലഭിക്കുക എന്നതാണ് രാഹുലിന്റെ അയോഗ്യതയ്ക്കുള്ള ആദ്യഘട്ട നടപടി. തുടർന്നു പരാതി നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിക്കോ പ്രത്യേകമായി രൂപീകരിക്കുന്ന കമ്മിറ്റിക്കോ സ്പീക്കർക്ക് കൈമാറാം. പരാതിക്കാരുടെയും പ്രതിഭാഗത്തുള്ളവരുടെയും മൊഴി സമിതി രേഖപ്പെടുത്തണം.
സ്ഥലപരിശോധന അടക്കം നടത്തി തെളിവുകൾ ശേഖരിക്കണം. തുടർന്നാണ് സമിതി സ്പീക്കർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. റിപ്പോർട്ട് സ്പീക്കർ സഭയുടെ പരിഗണനയ്ക്കു വയ്ക്കണം. തുടർന്ന് നിയമസഭയുടെ അനുമതിയോടെ മാത്രമേ രാഹുലിനെ അയോഗ്യനാക്കാനാകൂ.
എംഎൽഎ സ്ഥാനത്തിനു നിരക്കാത്ത പെരുമാറ്റദൂഷ്യം കാണിക്കുന്ന അംഗത്തെ അയോഗ്യനാക്കാൻ നിയമസഭാ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളും ഏറെ സങ്കീർണമാണ്.
20ന് ഈ നിയമസഭയുടെ അവസാന ബജറ്റ് സമ്മേളനം ചേരുകയാണ്. മാർച്ച് അവസാനം വരെ സഭാ സമ്മേളനത്തിന്റെ ഷെഡ്യൂളുണ്ട്. എന്നാൽ, മാർച്ച് ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ സഭാ സമ്മേളനം വെട്ടിച്ചുരുക്കി അവസാനിപ്പിക്കും. ഇക്കാലത്തിനിടെ എത്തിക്സ് കമ്മിറ്റിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അയോഗ്യത പ്രഖ്യാപിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ആശങ്ക.
പാലക്കാട്ടുനിന്ന് കോണ്ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കിയതിനെത്തുടർന്ന് നിയമസഭാ രേഖകളിൽ സ്വതന്ത്ര എംഎൽഎയായാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരംഗത്തെയും പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ അയോഗ്യനാക്കിയിട്ടില്ല. എന്നാൽ, പാർലമെന്റിൽ നിരവധി പേർക്ക് അയോഗ്യത കൽപിച്ചിട്ടുണ്ട്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പി.സി. ജോർജിനെ രണ്ടുതവണ സ്പീക്കർ താക്കീത് ചെയ്തിട്ടുണ്ട്.
സാധാരണ കൂറുമാറ്റത്തിനും കാലുമാറ്റത്തിനുമുള്ള അച്ചടക്കനടപടിയെന്ന നിലയിൽ ആറു വർഷം വരെ അയോഗ്യനാക്കാനാകും. എന്നാൽ, എത്തിക്സ് കമ്മിറ്റിയുടെ നടപടി വന്നാലും നിയമസഭയുടെ കാലാവധിയിൽ മാത്രമേ രാഹുലിന് അയോഗ്യത കൽപിക്കാനാകൂ. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത തടസമാകില്ല.
എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന സമ്മർദവും ശക്തം
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ ജയിലിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. രാഹുലിനെ പിന്തുണയ്ക്കുന്ന കോണ്ഗ്രസിലെ ഒരു വിഭാഗത്തോടാണ് എതിർക്കുന്ന വിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ, അറസ്റ്റിലായപ്പോൾ ജാമ്യം ലഭിച്ചെന്ന വാദമുയർത്തിയായിരുന്നു രാഹുലിനെ അനുകൂലിക്കുന്ന ഷാഫി പറന്പിൽ എംപി അടക്കമുള്ള വിഭാഗം എതിർത്തിരുന്നത്. എന്നാൽ, ഇപ്പോൾ, ജാമ്യം നിഷേധിക്കപ്പെടുകയും റിമാൻഡിലാകുകയും ചെയ്തപ്പോൾ, പാർട്ടിയിൽനിന്നു പുറത്താക്കിയെങ്കിലും കോണ്ഗ്രസ് ലേബലിൽ വിജയിച്ച നിയമസഭാംഗത്വം രാജിവയ്ക്കാൻ സമ്മർദം ചെലുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
എന്നാൽ, ആവശ്യം പരസ്യമാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ മുതിർന്ന നേതാക്കൾ അടക്കം തയാറല്ല. ലൈംഗീകപീഡന ആരോപണം ഉയർന്നപ്പോൾ തന്നെ കടുത്ത നടപടി വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും പരസ്യമായി ഉയർത്തിയിരുന്നു.