പെരിന്തൽമണ്ണ: ഉംറയ്ക്ക് പോയ മലപ്പുറം ജില്ലക്കാരായ രണ്ടു പേർ അന്തരിച്ചു. പെരിന്തൽമണ്ണ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കുറ്റിക്കുന്നത്ത് സൈദ് മുഹമ്മദ് ഫാറൂഖ്(57) ആണ് മക്കയിൽ അന്തരിച്ചത്.
ഉംറയോടനുബന്ധിച്ചുള്ള ത്വവാഫിനിടെയായിരുന്നു മരണം. ഡിസംബർ 24 ന് ഭാര്യയോടൊപ്പം ദുബായിലുള്ള രണ്ട് മക്കളുടെ അടുത്തേക്ക് പോയി അവിടെ നിന്ന് മക്കയിൽ പോയതായിരുന്നു. പെരിന്തൽമണ്ണയിലെ പരേതനായ സൈദ് മൊയ്തീൻ എന്ന സുന്നുപ്പയുടെ മകനാണ്. മുന്പ് പാണ്ടിക്കാട്ട് നാഷണൽ ഹാർഡ് വെയർ എന്ന സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ : വലിയതൊടി ബുഷ്റ (കുന്നക്കാവ്). മക്കൾ : സൈദ് മുഹമ്മദ് അമീൻ, സൈദ് മുഹമ്മദ് അഫ്നാൻ (ഇരുവരും ദുബായ്), ഫാത്തിമ അഫ്റിൻ (ബിടെക് വിദ്യാർഥിനി, കാസർഗോഡ്). മരുമകൾ : മാടാല ബാസില (അഗളി). നിയമനടപടികൾക്കുശേഷം മൃതദേഹം മക്കയിൽ കബറടക്കും.
താഴെക്കോട് മേലെകളത്ത് നിന്ന് ഉംറക്ക് പോയ പൊന്നേത്ത് കോയ എന്ന പാപ്പിയുടെ ഭാര്യ നഫീസ(58) ജിദ്ദ എയർപ്പോർട്ടിൽവച്ചാണ് മരിച്ചത്. ഡിസംബർ 26 ന് സ്വകാര്യഗ്രൂപ്പിൽ ഉംറക്ക് പോയതായിരുന്നു. തീർഥാടനം കഴിഞ്ഞ് ഇന്നലെ നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ എയർപ്പോർട്ടിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തേണ്ടതായിരുന്നു. ഗ്രൂപ്പിലെ മറ്റുള്ളവർ ഇന്നലെ നാട്ടിലെത്തി. പെരിന്തൽമണ്ണ കക്കൂത്ത് പരേതനായ ചെമ്മംകുഴിയിൽ ഹംസയുടെ മകളാണ്. മക്കൾ : ഹമീദ, ലത്തീഫ, ശരീഫ, അലി അസ്ക്കർ, ഫാത്തിമ റസ്ല. മരുമക്കൾ :സുൽഫി, സാജി, ഹാരിസ് മുനീർ, റഫ്കാന, ഫാസിൽ ഫിറോസ്. നിയമനടപടി പൂർത്തിയക്കി മൃതദേഹം നാട്ടിലെത്തിച്ച് താഴെക്കോട് ജുമാ മസ്ജിദിൽ കബറടക്കും.