നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ അടിഞ്ഞുകൂടുന്ന വിമാനങ്ങളുടെ ടയറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അത്യാധുനിക സംവിധാനമൊരുക്കി.
വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിനായി അഞ്ചു കോടി രൂപ മുടക്കിയാണ് സിയാൽ പുതിയ വാഹനം സജ്ജമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിന്റെ പ്രവർത്തനോദ്ഘാടനം സിയാൽ എംഡി എസ്. സുഹാസ് നിർവഹിച്ചു. വിമാനങ്ങളുടെ സുരക്ഷിത ലാൻഡിംഗിന് നിശ്ചിത ഘർഷണം നിലനിർത്തേണ്ടതുണ്ട്. റൺവേയിൽ വിമാന ടയറിന്റെ റബർ അവശിഷ്ടങ്ങൾ കിടന്നാൽ സ്വാഭാവികമായും ഘർഷണം കുറയും.
ഘർഷണം കുറഞ്ഞാൽ വിമാനങ്ങൾ റൺവേയിൽനിന്നു തെന്നി മാറാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ പ്രത്യേക തരം യന്ത്രം ഉപയോഗിച്ച് ഘർഷണ പരിശോധന നടത്തും. ഇതുവരെ റൺവേയിൽനിന്ന് വിമാന ടയറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സിയാൽ പുറത്തുനിന്ന് വാഹനം വരുത്തുകയായിരുന്നു.
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു കൂടുതൽ സംവിധാനങ്ങളുള്ള വാഹനം സ്വന്തമായി വാങ്ങിയത്. ഇന്ത്യയിലും യൂറോപ്പിലുമായാണ് ഈ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രത്യേകം പരിശീലനം നേടിയവരാണ് ഈ വാഹനം കൈകാര്യം ചെയ്യുന്നത്. ക്രമേണ സിയാൽ ജീവനക്കാർക്കും പരിശീലനം നൽകും.