തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ടു സ്വർണവും സംഭാവനകളും നൽകിയവരിൽ നിന്ന് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം ഇന്നു മുതൽ മൊഴിയെടുക്കും.
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, നടൻ മോഹൻലാൽ അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖരിൽനിന്നു വിജിലൻസ് ഡിവൈഎസ്പി സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കും.
2017ൽ നടന്ന കൊടിമര പുനർനിർമാണത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പിരിവു നടത്തിയെങ്കിലും സംഭാവന നൽകിയവരിൽ ചിലർക്ക് രസീത് നൽകിയില്ലെന്നും പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളും വിജിലൻസ് പരിശോധിക്കും.
സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം പേരിൽ നിന്നാകും വിജിലൻസ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുക. ഹൈക്കോടതിയുടെ കൂടി നിർദേശപ്രകാരമാണ് വിജിലൻസ് പ്രത്യേക സംഘം പ്രാഥമിക പരിശോധന നടത്തുന്നത്.
പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക. ഒരു മാസത്തിനകം പ്രാഥമിക പരിശോധന പൂർത്തിയാക്കാനാണ് വിജിലൻസിന് സർക്കാർ നൽകിയിട്ടുള്ള നിർദേശം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്ഐടിയിൽനിന്നും വിജിലൻസ് ശേഖരിക്കും.