മമ്മൂട്ടി എന്ന പേര് തന്നെ ആദ്യമായി വിളിച്ചയാളെ സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തി മെഗാസ്റ്റാർ. ഒരു സ്വകാര്യ ചടങ്ങിലായിരുന്നു താരം തന്‍റെ കലാലായ കാലഘട്ടത്തിലെ സുഹൃത്തിനെ വേദിയിലേയ്ക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞത്.
എടവനക്കാട് സ്വദേശിയായ ശശിധരനാണ് മുഹമ്മദ് കുട്ടി എന്ന പേര് മാറ്റി മമ്മൂട്ടി എന്നുവിളിച്ചത്.
എനിക്ക് പേരിട്ടയാൾ ഇവിടെയുണ്ട്. എടവനക്കാടുള്ള എന്‍റെ സുഹൃത്ത് ശശിധരനാണ് അദ്ദേഹം. എല്ലാവർക്കും കാണാനായി അദ്ദേഹം ദയവായി മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു.
മഹാരാജാസ് ഒരു കോളജ് അല്ല, ഒരു വികാരമാണ്. ഇവിടെ പഠിക്കുമ്പോൾ എന്‍റെ പേര് വേറെ ഒന്നായിരുന്നു. പേര് അപരിഷ്കൃതമായി തോന്നിയതു കൊണ്ട് പരിചയമില്ലാത്ത സുഹൃത്തുക്കളോട് ഓമർ ഷെരീഫ് എന്നാണ് പറഞ്ഞിരുന്നത്. ഓമറെ ഓമറെ എന്നാണ് വിളിക്കുക. ഒരിക്കൽ കൂട്ടുകാരുമായി നടക്കുമ്പോൾ പോക്കറ്റിൽ നിന്ന് ഐഡി കാർഡ് താഴെ വീണു. അത് ഒരുത്തൻ എടുത്തു നോക്കിയിട്ട് നിന്‍റെ പേര് ഓമർ എന്നല്ലല്ലോ മമ്മൂട്ടി എന്നല്ലേ എന്നു ചോദിച്ചു. അന്നു മുതലാണ് ഞാൻ എന്‍റെ സുഹൃത്തുക്കളുടെ ഇടയിലും നിങ്ങളുടെ ഇടയിലും മമ്മൂട്ടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
പലരും ചോദിക്കും എനിക്ക് പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്നു, അവരാണ് പേരിട്ടതെന്ന് പറഞ്ഞു. പക്ഷേ എനിക്കറിയാവുന്ന എനിക്ക് പേരിട്ട മമ്മൂട്ടി ദാണ്ടെ അവിടെ ഇരിപ്പുണ്ട്. പുള്ളിയെ ഒന്ന് ഇങ്ങോട്ട് വിളിക്കാം. ഇദ്ദേഹത്തിന്‍റെ പേര് ശശിധരൻ എന്നാണ്. എടവനക്കാടാണ് വീട്. പലരും എന്നോട് ചോദിച്ചു. ഞാൻ ഇദ്ദേഹത്തെ ഒളിച്ചു വച്ചതാണ്’ മമ്മൂട്ടി പറഞ്ഞു.