തൃശൂർ: സംസ്ഥാനത്തു ഭരണമാറ്റം ആവശ്യമാണെന്നു പറഞ്ഞ സാഹിത്യ അക്കാദമി പ്രസിഡന്റ കെ. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി.
പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമയും യുക്തിയും നഷ്ടമാകുന്നെന്നു പലവട്ടം പറഞ്ഞിട്ടുള്ള സച്ചിദാനന്ദന്റെ വിചിത്രമായ പ്രതികരണമായി കേരളമിതിനെ കണക്കാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്ന മുദ്രാവാക്യം തുടങ്ങിവച്ചത് എം.എൻ. കാരശേരിയാണ്. അതിന് ഇക്കുറി കൈപൊക്കുന്നതു സച്ചിദാനന്ദനും സാറാ ജോസഫുമാണ്. ഇന്നത്തെ കാന്പയിൻ സ്വഭാവം അന്നുണ്ടായിരുന്നില്ല. കോടികൾ മുടക്കി കനഗോലുവിനെ ഇറക്കി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പല അടരുകളുണ്ട്. സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ആഹ്വാനവുമൊക്കെ അതിന്റെ ഭാഗമാണ്.
ഇടതുപക്ഷത്തെ തകർത്ത് കോണ്‍ഗ്രസിനെ ഭരണമേൽപ്പിക്കുകയെന്നതു ബിജെപി തന്ത്രമാണ്. ഇതു തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദനും സാറാ ജോസഫും അറിഞ്ഞോ അറിയാതെയോ ഗൂഢപദ്ധതിയുടെ ഭാഗമാകുകയാണെന്നും കരിവെള്ളൂർ മുരളി കുറിച്ചു.