റിയാദ്: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വച്ച് മരണപ്പെട്ട കേളി പ്രവർത്തകൻ തൃശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി.
തൃശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കുടുംബത്തിന് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു, ജില്ലാ കമ്മിറ്റി അംഗം എം.എൻ. സത്യൻ, ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ഷുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വച്ച് മരണപ്പെടുകയായിരുന്നു.
കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും കേളി പൊതുസമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് ചടങ്ങിൽ കൈമാറിയത്.
കേളി മുസാമിയ ഏരിയ കമ്മിറ്റി അംഗം നടരാജൻ സ്വാഗതവും സിപിഎം ലോക്കൽ സെക്രട്ടറി കെ.എം. നാരായണൻ നന്ദിയും പറഞ്ഞു.