അബുദാബി: ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നതായുള്ള ആശങ്കയിൽ തങ്ങളുടെ രാജ്യത്തെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ യുഎഇ റദ്ദാക്കി. തങ്ങൾ ഭീകരസംഘടനയായി പ്രഖ്യാപിച്ചു നിരോധിച്ച മുസ്ലിം ബ്രദർഹുഡ് ബ്രിട്ടീഷ് കാന്പസുകളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതും വിദ്യാർഥികളടക്കം ഇതിൽ ആകൃഷ്ടരാകുന്നതും ഈ തീവ്രവാദസംഘടനയ്ക്കെതിരേ ബ്രിട്ടീഷ് സർക്കാർ നടപടിയൊന്നും സ്വീകരിക്കാത്തതുമാണ് യുഎഇയെ ചൊടിപ്പിച്ചിരിക്കുന്നത്.
ആദ്യഘട്ടമെന്നോണമാണ് രാജ്യത്തെ വിദ്യാർഥികളുടെ സ്കോളർഷിപ്പ് പട്ടികയിൽനിന്നു ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളെ ഒഴിവാക്കാൻ യുഎഇ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2025 ജൂണില്‍ സ്റ്റേറ്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ അമേരിക്ക, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങി 40 രാജ്യങ്ങളിലെ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയെങ്കിലും ബ്രിട്ടീഷ് സര്‍വകലാശാലകള്‍ പുറത്തായതു ശ്രദ്ധിക്കപ്പെട്ടതോടെയാണ് കാര്യങ്ങള്‍ ലോകമറിഞ്ഞത്.
സ്കോളര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ക്കുപുറമെ അംഗീകൃത പട്ടികയില്‍ ഇല്ലാത്ത സര്‍വകലാശാലകളില്‍നിന്നുള്ള യോഗ്യതകള്‍ ആഭ്യന്തരമായി അംഗീകരിക്കില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല സ്വന്തം പൗരന്മാര് തീവ്രവാദികളാകുമോ എന്ന ഭയത്താല്‍ രാജ്യത്തുനിന്നുള്ള വിദ്യാർഥികള്‍ പഠനത്തിനായി ബ്രിട്ടനിലേക്ക് ചേക്കേറുന്നതും നിരോധിക്കാനുള്ള നീക്കത്തിലാണ് യുഎഇ.
ബ്രിട്ടീഷ് കാമ്പസുകളില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുകയും ഇസ്ലാമിക ഭീകരതയുടെ ഈറ്റില്ലമായി ബ്രിട്ടനിലെ ഒട്ടുമിക്ക കാമ്പസുകളും മാറിക്കൊണ്ടിരിക്കുന്നുവെന്നുള്ള വാർത്തകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെയും ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കകള്‍ മുന്‍നിര്‍ത്തി സ്കോളര്‍ഷിപ്പ് പട്ടികയില്‍നിന്ന് യുകെയിലെ സര്‍വകലാശാലകളെ മുഴുവന്‍ ഒഴിവാക്കുന്ന തരം കടുത്ത നിലപാടിലേക്ക് യുഎഇ എത്തിയത്.
യുഎഇയുടെ ആശങ്ക ശരിവയ്ക്കുന്നതാണ് യുകെ സർക്കാരിന്റെ പ്രിവന്റ് ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിൽനിന്നുള്ള വിവരങ്ങൾ. 2023-24 അധ്യയനവർഷത്തിൽ യുകെ സർവകലാശാലകളിലെ ഏകദേശം 70 വിദ്യാർഥികൾ ഇസ്ലാമിക തീവ്രവാദത്തിന് ഇരയായെന്നാണു പ്രിവന്റ് ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിന്റെ റിപ്പോർട്ടിലുള്ളത്.
യുകെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന യുഎഇയിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണം 2017നും 2024നുമിടയിൽ ഇരട്ടിയായി വർധിച്ച് 8500ൽ എത്തിയിരുന്നു.
ഈജിപ്തിൽ സ്ഥാപിതമായ മുസ്ലിം ബ്രദർഹുഡിനെ 2013ൽ ആ രാജ്യം നിരോധിച്ചതിനു പിന്നാലെ 2014ലാണ് യുഎഇ നിരോധിച്ചത്. തുടർന്ന് ഗൾഫിലെതന്നെ സൗദി അറേബ്യ, ഈജിപ്ത്, ബഹറിൻ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളും നിരോധിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങളും സംഘടനയെ നിരോധിച്ചിട്ടുണ്ട്. ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുസ്ലിം ബ്രദര്‍ ഹുഡിനെ നിരോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നടപടി വാക്കിലൊതുങ്ങി.
ബ്രിട്ടനെ ഇസ്ലാമിക ഭീകരത വിഴുങ്ങുന്നുവെന്നുള്ള മുന്നറിയിപ്പുകള്‍ ചില യാഥാസ്ഥിക ഉറവിടങ്ങളില്‍നിന്ന് കഴിഞ്ഞ കുറേനാളുകളായി ഉയര്‍ന്ന് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അഭയാർഥികളായി ബ്രിട്ടീഷ് അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട താമസവും ഭക്ഷണവും ജീവിക്കാനും പഠിക്കുവാനുമുള്ള ചുറ്റുപാടുകളും ഒരുക്കിക്കൊടുക്കത്തക്ക നിലയിലുള്ള ബ്രിട്ടീഷ് നിയമങ്ങളുടെ ഔദാര്യങ്ങളില്‍ പിടിമുറുക്കിക്കൊണ്ട് പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും സിറിയയില്നിന്നുമൊക്കെ അനിയന്ത്രിമായി കുടിയേറിയവര്‍ കാലക്രമത്തില്‍ പൗരത്വംകൂടി ലഭിച്ചതോടെ യാഥാർഥ അജൻഡകള്‍ പുറത്തെടുത്തുകൊണ്ട് തീവ്ര ഇസ്ലാമിക നിലപാടുകള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു.
യുഎഇയില്നിന്നുതന്നെയുള്ള രാഷ്ട്രീയ തന്ത്രജ്ഞനും വിശകലന വിദഗ്ധനുമായ അംജദ് താഹയെന്നയാള് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്തര്‍ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ ഇസ്ലാമിക ഭീകരവാദികള്‍ ബ്രിട്ടനിലുണ്ടെന്നായിരുന്നു.
വോട്ടുബാങ്ക് നിലനിര്‍ത്തേണ്ടതിനായി തീവ്രനിലപാടുള്ളവരയെല്ലാം ആകുന്നത്ര സന്തോഷിപ്പിച്ച് കൂടെനിര്‍ത്തിയ ലേബര്‍ പാര്‍ട്ടിയുടെ രാജ്യവിരുദ്ധ നീക്കങ്ങള്‍ ബ്രിട്ടന് കടുത്ത പ്രതിസന്ധിയായി മാറുമെന്നുള്ളതിന്റെ കൃത്യമായ മുന്നറിയിപ്പായിരുന്നു അത്. എന്നാല്‍ അത് ഉള്‍ക്കൊണ്ട് കാര്യപരിപാടികളില്‍ മാറ്റം വരുത്താതെ മുന്നോട്ടുപോകുകയായിരുന്നു കിയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ചെയ്തത്.