നെടുങ്കണ്ടം: സ്പാർക്കിൽനിന്നു ജീവനക്കാരുടെ ഡേറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സന്ദേശം ചട്ടലംഘനമെന്ന് സെറ്റോ ജില്ലാ കമ്മിറ്റി. അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നത് സർക്കാരിന്റെ ഔദാര്യമാണെന്ന രീതിയിൽ ജീവനക്കാർക്ക് വ്യക്തിപരമായി നൽകിയിരിക്കുന്ന സന്ദേശം തരംതാണ രാഷ്ട്രീയ നാടകമാണെന്ന് സെറ്റോ ജില്ലാ ചെയർമാൻ ഷാജി ദേവസ്യ ആരോപിച്ചു.
ജീവനക്കാരുടെ സ്വകാര്യ ഫോൺനമ്പരുകൾ ശമ്പള സോഫ്റ്റ്വേറായ സ്പാർക്കിൽനിന്നു ശേഖരിച്ച് ആനുകൂല്യങ്ങളനുവദിച്ചത് സർക്കാരിന്റെ നേട്ടമെന്ന നിലയ്ക്ക് ഓരോ ജീവനക്കാരനും മുഖ്യമന്ത്രിയുടെ സന്ദേശമായി നൽകുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമായി സ്പാർക്കിന് നൽകിയിട്ടുള്ള വ്യക്തിഗത ഫോൺ നമ്പർ, പേര്, മറ്റു വിവരങ്ങൾ എന്നിവ അവരുടെ അനുമതി കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.
സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിനായി മേലുദ്യോഗസ്ഥർക്കും വേതനനിർണയ വിതരണ മേലധികാരികൾക്കും ഫിനാൻസ് വകുപ്പിലെ സ്പാർക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനും പിഎംയുവിനും മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങൾ എവിടെനിന്നു കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണം.
സ്പ്രിംക്ലർ മാതൃകയിൽ ധനകാര്യവകുപ്പിന്റെ പോർട്ടലായ സ്പാർക്കിലും അഴിമതി നടക്കുന്നു എന്നതിന്റെ തെളിവാണിത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ നഗ്നമായ ലംഘനംകൂടിയാണ് ഈ നടപടി.
സിവിൽ സർവീസിന്റെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജീവനക്കാരെ സ്വാധീനിക്കാൻ അവരുടെ സ്വകാര്യതകൾ ചോർത്തിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന നൽകിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രിയുടെ പദവിയുടെ ദുരുപയോഗമാണ്.
ഇതിന് കാരണക്കാരായവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സെറ്റോ ജില്ലാ ചെയർമാൻ ഷാജി ദേവസ്യ, എൻ ജിഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എം. രാധക്ഷണൻ, എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.