എടക്കര: കാരക്കോടൻ പുഴയിലെ മാലിന്യനിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് പഞ്ചായത്തങ്ങാടി മരുതക്കടവ് റോഡിലെ പാലത്തിന് സമീപമാണ് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. ചിക്കൻ സ്റ്റാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാൽ കാരക്കോടൻ പുഴയിലെ ജലം മലിനപ്പെട്ടുകിടക്കുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി കാരക്കോടൻ പുഴയെ നിത്യേന ആശ്രയിക്കുന്നത്. ഇതിന് പുറമേ ജലനിധി പദ്ധതിയുടേതടക്കം നിരവധി കുടിവെള്ള കിണറുകൾ കാരക്കോടൻ പുഴയുടെ വഴിക്കടവ് മുതൽ എടക്കര വരെയുള്ള ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നുമുണ്ട്. കുടിവെള്ള സ്രോതസുകളടക്കം മലീമസമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തമിഴ്നാട്ടിൽനിന്ന് ഉത്ഭവിച്ച് നാടുകാണി വനമേഖലയിലൂടെ ഒഴുകുന്ന കാരക്കോടൻ പുഴയിൽ ചുരത്തിൽനിന്ന് തള്ളുന്ന മാലിന്യങ്ങളും എത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ വഴിക്കടവ് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടച്ചപ്പോൾ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനകളിൽ കാരക്കോടൻ പുഴയിലെ ജലം മലീമസമായതാണ് രോഗകാരണമായി കണ്ടെത്തിയത്.
പുഴയിലെ മാലിന്യനിക്ഷേപവും ടൗണിലെ ഹോട്ടലുകൾ കൂൾബാറുകൾ അടക്കമുള്ള പല സ്ഥാപനങ്ങളിൽനിന്ന് പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വീണ്ടും സാമൂഹ്യവിരുദ്ധർ പുഴയിൽ മാലിന്യങ്ങൾ തള്ളുന്നത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇടയാക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നുണ്ട്. മാലിന്യം തള്ളുന്നവരെ സിസിടിവി കാമറകൾ സ്ഥാപിച്ച് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.