പലപ്പോഴും ഫോണിലേക്ക് മാത്രം നോക്കി നടക്കുമ്പോൾ ചുറ്റുമുള്ള പല രസകരമായ കാര്യങ്ങളും നാം ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ കർണാടകയിലെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്ത ഒരു യുവതിയുടെ നിരീക്ഷണം ഇന്ന് ഇന്റർനെറ്റിൽ വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ബെംഗളൂരുവിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി, കർണാടകയിലുടനീളം യാത്ര ചെയ്യവേ പണി നടന്നുകൊണ്ടിരിക്കുന്ന പല കെട്ടിടങ്ങളിലും ഒരേ സ്ത്രീയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ ശ്രദ്ധിച്ചു.
സാരിയുടുത്ത്, കണ്ണുകൾ തള്ളി, അമ്പരപ്പോടെ നോക്കുന്ന ആ സ്ത്രീയുടെ മുഖം എന്തിനാണ് എല്ലായിടത്തും ഒരേപോലെ പ്രത്യക്ഷപ്പെടുന്നത് എന്ന ആകാംക്ഷ അവരെ പിന്തുടർന്നു.
ഗൂഗിൾ ലെൻസ് ഉൾപ്പെടെയുള്ള ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് ആളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെടുകയായിരുന്നു. അവർ ഈ നിഗൂഢത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്.
സാധാരണയായി പുതിയ വീടുകൾക്കോ സ്ഥാപനങ്ങൾക്കോ കണ്ണുതട്ടാതിരിക്കാൻ 'ദൃഷ്ടി ബൊമ്മകൾ' സ്ഥാപിക്കാറുണ്ട്. ഭീകരരൂപമുള്ള മുഖങ്ങളോ കരിമ്പൊട്ടുകളോ ആണ് ഇതിനായി പണ്ടുമുതലേ ഉപയോഗിച്ചു വരുന്നത്.
എന്നാൽ പുതിയ കാലത്തെ നിർമ്മാണ സൈറ്റുകളിൽ ഈ പരമ്പരാഗത രീതിക്ക് ഒരു മാറ്റം വന്നതായാണ് സോഷ്യൽ മീഡിയയിലെ സംവാദങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു വിഭാഗം ആളുകൾ ഇതിനെ ആധുനിക രീതിയിലുള്ള ദൃഷ്ടിദോഷം മാറ്റാനുള്ള മാർഗമായി വിശേഷിപ്പിച്ചപ്പോൾ, ഇന്റർനെറ്റ് മീമുകൾ സാധാരണക്കാരുടെ വിശ്വാസങ്ങളിൽ സ്വാധീനം ചെലുത്തുന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.
ഈ ദുരൂഹതയ്ക്ക് വിരൽ ചൂണ്ടുന്ന വ്യക്തമായ മറുപടി ലഭിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിൽ നിന്നാണ്. പോസ്റ്ററിലെ ആ മുഖം കർണാടകയിൽ നിന്നുള്ള "നിഹാരിക റാവു' എന്ന യൂട്യൂബറുടേതാണെന്ന് എഐ കണ്ടെത്തുകയായിരുന്നു.
2023-ൽ നിഹാരികയുടെ ഒരു വീഡിയോയിലെ അമ്പരന്ന് നിൽക്കുന്ന ഭാവം വലിയ രീതിയിൽ ട്രോളുകൾക്കും മീമുകൾക്കും കാരണമായിരുന്നു. ആ തമാശ പിന്നീട് കർണാടകയിലെ കെട്ടിട നിർമ്മാതാക്കൾക്കിടയിൽ പുതിയ രീതിയായി മാറുകയായിരുന്നു.
കള്ളന്മാരെ പേടിപ്പിക്കാനോ അല്ലെങ്കിൽ ആരെങ്കിലും നോക്കിയാൽ പെട്ടെന്ന് ശ്രദ്ധ മാറാനോ ഇത്തരം വിചിത്രമായ ഭാവങ്ങൾ സഹായിക്കുമെന്ന ചിന്തയാകാം ഈ പ്രവണതയ്ക്ക് പിന്നിലെന്നു കരുതപ്പെടുന്നു.
ഡിജിറ്റൽ യുഗത്തിലെ മീം സംസ്കാരം എങ്ങനെയാണ് നാട്ടിൻപുറത്തെ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ഇഴചേർന്ന് കിടക്കുന്നത് എന്നതിന്റെ കൗതുകകരമായ നേർക്കാഴ്ചയാണിത്.