സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി സാഹസിക പ്രകടനങ്ങളും വിചിത്രമായ പ്രവർത്തികളും കാട്ടിക്കൂട്ടുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് പോലീസ്.
ആഗ്രയിൽ പൊതുഗതാഗതം തടസപ്പെടുത്തി റീൽസ് ചിത്രീകരിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.
വഴിയിൽ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി അതിന് മുന്നിൽ പുഷ്-അപ് എടുത്ത യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
റോഡിന് നടുവിൽ ബസ് തടഞ്ഞ യുവാവ് അതിന് മുന്നിൽ വ്യായാമം ചെയ്യുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് മൊബൈലിൽ പകർത്തുകയുമായിരുന്നു.
ഈ സമയമത്രയും ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും റോഡിൽ കാത്തുനിൽക്കേണ്ടി വന്നു. മറ്റ് വാഹനങ്ങളുടെ യാത്രയ്ക്കും ഇത് തടസമുണ്ടാക്കി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുപി പോലീസ് അന്വേഷണം ആരംഭിക്കുകയും യുവാക്കളെ കണ്ടെത്തുകയുമായിരുന്നു.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുശല്യം ഉണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
വൈറലാകാൻ വേണ്ടി സ്വന്തം ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ പണയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.