ജക്കാർത്ത: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 600നടുത്തായി.
ഇന്തോനേഷ്യയിൽ മാത്രം 417 പേർ മരിച്ചു. തായ്ലൻഡിൽ 170 ഉം മലേഷ്യയിൽ രണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു രാജ്യങ്ങളിലെ 40 ലക്ഷം പേർ കെടുതികൾ നേരിടുന്നു.
കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പെയ്യുന്ന മഴയാണു ദുരിതം വിതയ്ക്കുന്നത്. ഇതിൽ 30 ലക്ഷം പേർ തെക്കൻ തായ്ലൻഡിലും 11 ലക്ഷം പേർ പടിഞ്ഞാറൻ ഇന്തോനേഷ്യയിലുമാണ്.
ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ മൂന്നു പ്രവിശ്യകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. 289 പേരെ കാണാതായെന്നും 2.13 ലക്ഷം പേർക്കു വീടുകൾ ഒഴിയേണ്ടിവന്നുവെന്നും ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സൈന്യം സഹായം നല്കുന്നുണ്ട്.
തായ്ലൻഡിലെ എട്ടു പ്രവിശ്യകൾ വെള്ളപ്പൊക്കം നേരിടുന്നു. തായ്ലൻഡിൽ മൊത്തം റിപ്പോർട്ട് ചെയ്ത 170 മരണങ്ങളിൽ 131ഉം സോംഗ്ലാ പ്രവിശ്യയിലാണ്. ഈ പ്രവിശ്യയിലെ ഹാത് യായി നഗരത്തിൽ വെള്ളിയാഴ്ച 33.5 സെന്റിമീറ്റർ മഴയാണു ലഭിച്ചത്.
മലേഷ്യയിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് 24,500 പേരെ ഒഴിപ്പിച്ചുമാറ്റി.