കൊച്ചി: പ്രമുഖ മാനേജ്ഡ് ഓഫീസ് സ്പേസ് ദാതാക്കളായ സ്പേസ് വൺ കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഈവർഷത്തെ വികസനപദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു പുതിയ സെന്ററുകൾക്കൂടി കമ്പനി പ്രഖ്യാപിച്ചു.
എംജി റോഡ്, കാക്കനാട് ഇൻഫോപാർക്ക് ഫേസ്-2, എൻഎച്ച് ബൈപ്പാസിലെ എഎംവി പാർക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ സജ്ജമാകുന്നത്. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും.
വൻകിട കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ. മൂന്നു മുതൽ 500 വരെ സീറ്റുകൾ ലഭ്യമാകുന്ന ഫ്ലെക്സിബിൾ ഓഫീസ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കൊളാബൊറേഷൻ ഏരിയകൾ, സിക് റൂമുകൾ തുടങ്ങി അത്യാധുനിക തൊഴിലിടസൗകര്യങ്ങൾ എല്ലാ സെന്ററുകളിലും ലഭ്യമാണെന്ന് സ്പേസ് വൺ കോ-ഫൗണ്ടർ സിജോ ജോസ് പറഞ്ഞു.