മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിന്റെ 12-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാപ്പാള തോടും ചെക്ക് ഡാമും നവീകരണത്തിനൊരുങ്ങുന്നു. ഒരു പ്രദേശത്തിന്റെ പ്രധാന ജലസ്രോതസായ പാപ്പാള തോട് വര്‍ഷങ്ങളായി ശോച്യാവസ്ഥയിലാണ്. പഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ ജലസ്രോതസ് അനധികൃത കൈയേറ്റവും കാടും കയറി നാശത്തിന്റെ വക്കിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഇവിടത്തെ ചെക്ക് ഡാം പൊട്ടിപൊളിഞ്ഞ് തകര്‍ന്ന നിലയിലാണ്.
തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ ഉന്നയിച്ച ആവശ്യപ്രകാരം ഇന്നലെ ചെക്ക് ഡാമും തോടിന്റെയും പ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്തംഗം മാത്യൂസ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്തംഗം നെജീ ഷാനവാസ്, പഞ്ചായത്തംഗങ്ങളായ പി.എ. നൗഷാദ്, മന്‍സൂര്‍ ചേന്നര, കെ.എച്ച്. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ഇവിടം എങ്ങനെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതിനെക്കുറിച്ചും പ്രദേശവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു.
ചെക്ക് ഡാം നവീകരണമടക്കം നടപടികള്‍ വേഗത്തില്‍ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്തംഗം മാത്യൂസ് വര്‍ക്കി അറിയിച്ചു. വേനല്‍ക്കാലത്തും നീര് ഉറവയുള്ള ഇവിടം വിപുലപ്പെടുത്തി ഈ ജലസ്രോതസ് ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്‍ പ്രദേശത്തെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തുവാനും കൃഷിയിടങ്ങളില്‍ ആവശ്യാനുസരണം വെള്ളം എത്തിക്കുവാനും കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കുവാനും കഴിയും. എത്രയും വേഗം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്തംഗം മാത്യൂസ് വര്‍ക്കി പറഞ്ഞു.