മാവേലിക്കര: ഒൻപതാം ക്ലാസ് വിദ്യാർഥി അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചു. കണ്ടിയൂർ കൊച്ചുതോപ്പിൽ വീട്ടിൽനിന്നും ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ഷെൽട്ടറിൽ വാടകയ്ക്കു താമസിക്കുന്ന ഷാജി കരുണാകരന്റെയും സ്മിതയുടെയും മകൻ ശിവപ്രസാദ് (14) ആണ് മരിച്ചത്. അച്ചൻകോവിലാറ്റിൽ മാവേലിക്കര കണ്ടിയൂർ ആറാട്ട് കടവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണു അപകടം.
മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ശിവപ്രസാദ് സഹപാഠിയായ പൊന്നാരംതോട്ടം സ്വദേശി അങ്കിതിനൊപ്പമാണു കടവിൽ എത്തിയത്. നീന്തൽ അറിയാമെന്നു പറഞ്ഞു ആറ്റിലിറങ്ങിയ ശിവപ്രസാദ് മുങ്ങിത്താഴുകയായിരുന്നു. അങ്കിതിന്റെ നിലവിളികേട്ടു സമീപത്തെ പമ്പ് ഹൗസിലെ ജീവനക്കാരനും സമീപത്തുണ്ടായിരുന്ന മറ്റു രണ്ടു പേരും എത്തിയെങ്കിലും രക്ഷിക്കാനായില്ല.
അഗ്നിരക്ഷാസേന, സ്കൂബാ ടീം, പോലീസ്, പ്രദേശവാസികൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൂന്നോടെ കടവിനു സമീപത്തുനിന്നു തന്നെ മൃതദേഹം കണ്ടെത്തി. സഹോദരങ്ങൾ ശിവരഞ്ജിനി, ശിവജിത്.