ചെന്നൈ: സംസ്ഥാന നിയമസഭകളില്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
തമിഴ്നാട് നിയമസഭയുടെ ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആര്.എന്‍. രവി സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ വായിക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പ്രസംഗത്തില്‍ തെറ്റായ വിവരങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. ഇതേത്തുടര്‍ന്നാണ് ഈ കീഴ്വഴക്കം തന്നെ അവസാനിപ്പിക്കണമെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടത്.
ഗവര്‍ണറുടെ പ്രസംഗം നിര്‍ബന്ധമാക്കുന്ന ഭരണഘടനയിലെ 176-ാം അനുച്ഛേദം ഭേദഗതി ചെയ്യാനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്. ഇതിനായി സമാന ചിന്താഗതിയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും സ്റ്റാലിന് വ്യക്തമാക്കി.
ഗവര്‍ണര്‍മാര്‍ ബിജെപിയുടെ ഏജന്റുമാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്റ്റാലിന് ആരോപിച്ചു. തമിഴ്നാടിന് പുറമെ കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ സമാനമായ രീതിയില്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.