തൊണ്ണൂറുകളിലെ വാഹനപ്രേമികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എസ്യുവിയായ ടാറ്റ സിയറ വീണ്ടും നിരത്തിലേക്ക്. പഴയ പ്രതാപത്തോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കോർത്തിണക്കി തികച്ചും പുതിയൊരു രൂപത്തിലാണ് സിയറയുടെ രണ്ടാം വരവ്.
തൊണ്ണൂറുകളിലെ സിയറയുടെ ‘സിഗ്നേച്ചർ’ സ്റ്റൈലായിരുന്ന പിൻഭാഗത്തെ മുകളിലേക്ക് വളഞ്ഞ ഗ്ലാസ് വിൻഡോകൾ (ആൽപൈൻ ഗ്ലാസ് റൂഫ്) നിലനിർത്തിക്കൊണ്ടാണ് പുതിയ പതിപ്പും എത്തിയിരിക്കുന്നത്. എന്നാൽ, പഴയ ത്രീ ഡോർ ഡിസൈനിൽ നിന്ന് മാറി കുടുംബങ്ങൾക്ക് സൗകര്യപ്രദമായ ഫൈവ് ഡോർ ലേഒൗട്ടിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.
നാല് പ്രധാന വേരിയന്റുകളിലും മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലും ആറ് കളർ സ്കീമുകളിലുമാണ് സിയറ ലഭിക്കുക. മുൻവശത്ത് ഉടനീളം നീളുന്ന എൽഇഡി ലൈറ്റ് ബാർ, ബോക്സി ഡിസൈൻ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ സിയറയ്ക്ക് ഗംഭീര ലുക്ക് നൽകുന്നു.
അകത്തളത്തിലെ ആഡംബരം
അകത്തളത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നത്. ഡാഷ്ബോർഡിൽ മൂന്ന് ഡിജിറ്റൽ സ്ക്രീനുകളാണുള്ളത്. ഡ്രൈവർക്കുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, നടുവിലായി 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കോ-പാസഞ്ചറിനായി മറ്റൊരു 12.3 ഇഞ്ച് സ്ക്രീൻ എന്നിവയാണവ. കൂടാതെ, സൗണ്ട് ബാറുള്ള 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വോയിസ് അസിസ്റ്റൻസ്, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്.
എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയർ ബാഗുകൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ, ലെവൽ 2 അഡാസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി കാമറ എന്നിവയുണ്ട്. പിന്നിലെ യാത്രക്കാർക്ക് മികച്ച ലെഗ്റൂമും സുഖകരമായ സീറ്റിംഗും ഉറപ്പുവരുത്തുന്നതിനായി ‘ലൗഞ്ച്’ ശൈലിയിലുള്ള സീറ്റുകളാണ് നൽകിയിരിക്കുന്നത്.
എൻജിനും പെർഫോമൻസും
മൂന്ന് എൻജിൻ ഓപ്ഷനുകളിലായാണ് സിയറ എത്തുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ (106 എച്ച്പി കരുത്ത്, 145 എൻഎം ടോർക്ക്), കരുത്തുറ്റ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ (160 എച്ച്പി കരുത്ത്, 255 എൻഎം ടോർക്ക്), 1.5 ലിറ്റർ ഡീസൽ എൻജിൻ (118 എച്ച്പി കരുത്ത്, 260 എൻഎം ടോർക്ക്) എന്നിവയാണവ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. ടർബോ പെട്രോൾ വേരിയന്റിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമേ ഉണ്ടാകൂ.
11.49 ലക്ഷം രൂപയാണ് പ്രാരംഭവിലയെങ്കിലും ഉയർന്ന വേരിയന്റുകളുടെ വിലകൾ ഡിസംബറിൽ പ്രഖ്യാപിക്കും. മൈലേജ് വിവരങ്ങളും കന്പനി ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സിയറയുടെ ബുക്കിംഗ് ഡിസംബർ 16 മുതൽ ആരംഭിക്കും. 2026 ജനുവരി 15 മുതൽ വണ്ടിയുടെ ഡെലിവറി തുടങ്ങും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വന്പന്മാരോടാണ് സിയറ മത്സരിക്കുക.