തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കടുത്ത ത്രികോണപ്പോരു നടക്കുന്ന ജില്ല തിരുവനന്തപുരമാണ്. അതിൽ തന്നെ തിരുവനന്തപുരം കോർപറേഷനിലാണ് എൽഡിഎഫും യുഡിഎഫും എൻഡിഎയും ജീവന്മരണ പോരാട്ടം നടത്തുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന്റെ സമഗ്ര ആധിപത്യമാണു കണ്ടത്. കോർപറേഷനും നാലിൽ നാലു മുനിസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും ഒന്നൊഴികെ ബ്ലോക്ക് പഞ്ചായത്തുകളും ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും അവർ ഭരിച്ചു. ആ കുത്തക നിലനിർത്തുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. പ്രചാരണ രംഗത്തെ ട്രെൻഡ് നോക്കിയാൽ അതത്ര എളുപ്പമാകുമെന്നു തോന്നുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങളാണ് എൽഡിഎഫ് എടുത്തു കാട്ടുന്നത്. കൂടാതെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്പായി സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നടപടികളും അവർ വീടുവീടാന്തരം എത്തിക്കുന്നു. സാമൂഹ്യക്ഷേമ പെൻഷനിൽ 200 രൂപയുടെ വർധന വരുത്തിയതിലൂടെ മുന്നണിയിലേക്കു വോട്ടുകൾ ധാരാളമായി ഒഴുകിയെത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിരിക്കുന്നിടങ്ങളിൽ ഭരണസമിതിക്കെതിരേ കുറ്റപത്രവും സമർപ്പിച്ചാണ് യുഡിഎഫ് പ്രചാരണം ആരംഭിച്ചത്. കൂടാതെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയും പുറത്തിറക്കി.
മുൻപൊരിക്കലുമില്ലാത്ത വിധത്തിലുള്ള മുന്നൊരുക്കങ്ങൾ തങ്ങൾക്കു ഗുണം ചെയ്യുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ശബരിമലയിലെ സ്വർണപ്പാളി മോഷണമാണ് അവരുടെ പ്രധാന പ്രചാരണായുധം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വോട്ടു നേടിത്തരുമെന്നു ബിജെപി വിശ്വസിക്കുന്നു. കേന്ദ്ര സർക്കാർ സാധാരണക്കാർക്കായി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ വിശദാംശങ്ങൾ അവർ വോട്ടർമാരിലേക്ക് എത്തിക്കുന്നു.
ബിഹാറിലെ തെരഞ്ഞെടുപ്പു വിജയം കേരളത്തിലെ വോട്ടർമാരെയും സ്വാധീനിക്കുമെന്നു ബിജെപി കരുതുന്നു. കോർപറേഷനിൽ ഭരണത്തിലേറ്റിയാൽ 2036 ലെ ഒളിംപിക്സ് തിരുവനന്തപുരത്തു കൊണ്ടു വരുമെന്നും മറ്റുമുള്ള ’കടന്ന വാഗ്ദാനങ്ങൾ’ ഉണ്ടെങ്കിലും വികസിത കേരളം എന്ന മുദ്രാവാക്യത്തിൽ ഉൗന്നിയാണ് എൻഡിഎയുടെ പ്രചാരണം.
അഭിമാന പോരാട്ടം കോർപറേഷനിൽ
തിരുവനന്തപുരം കോർപറേഷനിലാണ് മുന്നണികൾ അഭിമാന പോരാട്ടം നടത്തുന്നത്. ബിജെപി പ്രധാന പ്രതിപക്ഷമായ ഏക കോർപറേഷൻ എന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ ഭരണം പിടിച്ചെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അതിനുള്ള ഒരുക്കങ്ങൾ അവർ നേരത്തേതന്നെ തുടങ്ങി. പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നതും സംസ്ഥാന അധ്യക്ഷൻ തന്നെ.
കഴിഞ്ഞ തവണ വെറും പത്തു സീറ്റിലേക്ക് ഒതുങ്ങിപ്പോയ യുഡിഎഫ് തുടക്കത്തിലേ മറ്റു മുന്നണികളെ ഞെട്ടിച്ചു. മുന്നണികൾതെരഞ്ഞെടുപ്പു ചർച്ചകളിലേക്കു കടക്കുന്ന ഘട്ടത്തിൽ മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോണ്ഗ്രസ് കളം പിടിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ടു നിന്ന കോണ്ഗ്രസ് പ്രവർത്തകർക്ക് ആവേശം പകരാനും ഈ നടപടി സഹായിച്ചു.
മുതിർന്ന നേതാവ് കെ. മുരളീധരൻ ആണ് കോർപറേഷനിൽ യുഡിഎഫ് പ്രചാരണത്തിന്റെ അമരക്കാരൻ. മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ മേയർ സ്ഥാനാർഥിയും. ഭരണം പിടിക്കുമെന്ന കെ. മുരളീധരന്റെ അവകാശവാദമൊക്കെ അമിത പ്രതീക്ഷയാണെങ്കിലും കോർപറേഷനിൽ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ സംഭവിച്ചാൽ അതിന്റെ നഷ്ടം എൽഡിഎഫിനാകുമോ എൻഡിഎയ്ക്ക് ആകുമോ എന്നു പറയാറായിട്ടില്ല.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോർപറേഷൻ പരിധിയിലെ ഭൂരിപക്ഷം വാർഡുകളിലും മുന്നിലെത്തിയതിലാണ് ബിജെപിയുടെ പ്രതീക്ഷ. കോർപറേഷനിലെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന തിരുമല അനിൽകുമാറിന്റെയും ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് കെ. തന്പിയുടെയും ആത്മഹത്യകൾ തെരഞ്ഞെടുപ്പുരംഗത്ത് ബിജെപിക്കു ക്ഷീണമാകുന്നുണ്ട്.
മികച്ച സ്ഥാനാർഥികളുമായി രംഗത്തുള്ള എൽഡിഎഫ് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വികസന നേട്ടങ്ങളും ക്ഷേമപെൻഷൻ ഉൾപ്പെടെ വർധിപ്പിച്ചതുമെല്ലാം പ്രചാരണ രംഗത്ത് അവർ ആവർത്തിക്കുന്നു. അച്ചടക്കത്തിനു പേരു കേട്ട സിപിഎമ്മിന് ഏതാനും വാർഡുകളിൽ വിമതശല്യമുണ്ട്. യുഡിഎഫിനും ഏതാനും സ്ഥലങ്ങളിൽ വിമതരുണ്ട്.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫ് 21 സീറ്റും യുഡിഎഫ് അഞ്ചു സീറ്റുമാണു നേടിയത്. പിന്നീട് കോണ്ഗ്രസ് അംഗമായ വെള്ളനാട് ശശി പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ച ശശി സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചതോടെ യുഡിഎഫ് നാലു സീറ്റിലേക്ക് ഒതുങ്ങി. ഇത്തവണ ഭരണം പിടിക്കുമെന്നു യുഡിഎഫ് ഉറപ്പിച്ചു പറയുന്പോൾ ഭരണം നിലനിർത്താമെന്ന് എൽഡിഎഫും വിശ്വസിക്കുന്നു. മിക്ക ഡിവിഷനുകളിലും കടുത്ത മത്സരമാണു നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടെ ജില്ലയിലെന്പാടും കടുത്ത മത്സരമാണു നടക്കുന്നത്.
ബിജെപിയുടെ പ്രകടനം എന്താകുമെന്നാണു മറ്റു രണ്ടു മുന്നണികളും ആശങ്കയോടെ നോക്കുന്നത്. മിക്ക തദ്ദേശസ്ഥാപനങ്ങളിലും ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ബിജെപി നില മെച്ചപ്പെടുത്തിയാൽ ആർക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം ഇത്തവണ ഉയരും.