തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിന്റെ രണ്ടാംഘട്ട ചർച്ചകൾ പുതുയുഗ യാത്രയ്ക്കിടെ ആരംഭിച്ചു. കേരള കോണ്‍ഗ്രസ് ഒഴികെയുള്ള പ്രധാന ഘടകകക്ഷികളുമായി സീറ്റുകളുടെ എണ്ണം സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നടത്തിയ ആദ്യഘട്ട ചർച്ചയിൽ ധാരണയായിരുന്നു. ജയസാധ്യതയുടെ അടിസ്ഥാനത്തിൽ, വച്ചുമാറേണ്ട സീറ്റുകൾ അടക്കമുള്ളവയുടെ കാര്യങ്ങളാണ് രണ്ടാംഘട്ട ചർച്ചയിൽ തീരുമാനിക്കേണ്ടത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര തുടങ്ങിയ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കളെല്ലാം ഇന്നലെ കാസർഗോഡുണ്ടായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമിക ആശയവിനിമയങ്ങളും നടന്നതായാണ് സൂചന. ഞായർ, തിങ്കൾ ദിവസങ്ങളിലായി യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമം. ഞായറാഴ്ച യാത്രയ്ക്ക് അവധിയായതിനാൽ പരമാവധി ഘടകകക്ഷി നേതാക്കളുമായി ചർച്ചയുണ്ടാകും.
മുസ്ലിം ലീഗുമായി കഴിഞ്ഞ തവണ മത്സരിച്ച 25 സീറ്റുകളിൽ ഇത്തവണയും മത്സരിക്കാൻ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. സ്വതന്ത്രരെ മത്സരിപ്പിച്ച രണ്ടു സീറ്റുകൾ ഇക്കുറിയും ലീഗ് പൊതുസ്വതന്ത്രർക്കായി വിട്ടുനൽകാനാണ് സാധ്യത.
ആർഎസ്പിയുമായി നടത്തിയ ആദ്യഘട്ട ചർച്ചയിലും അഞ്ച് സീറ്റുകളിൽ മത്സരിക്കുന്ന കാര്യത്തിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഏതൊക്കെ സീറ്റുകൾ പരസ്പരം വിട്ടുനൽകണമെന്ന കാര്യമാണ് ഇനി ചർച്ച ചെയ്തു തീരുമാനിക്കേണ്ടത്. ഇതിൽ കോണ്‍ഗ്രസും ലീഗും ആർഎസ്പിയും പരസ്പരം വച്ചുമാറേണ്ട സീറ്റുകളുമുണ്ട്. കേരള കോണ്‍ഗ്രസുമായുള്ള ചർച്ചകൾ സീറ്റുകളുടെ എണ്ണത്തിൽ ആദ്യഘട്ടം മുതൽ വഴിമുട്ടി നിൽക്കുകയാണ്.
കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് ആറു സീറ്റുകളാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ പറയുന്നത്. ഇടുക്കി അടക്കമുള്ള സീറ്റുകളിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചാൽ മാത്രമേ പിടിച്ചെടുക്കാൻ കഴിയൂ എന്ന വാദവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നു. എട്ടു സീറ്റുകളിൽ അന്തിമ ധാരണയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇക്കാര്യത്തിൽ കേരള കോണ്‍ഗ്രസുമായി തുടർചർച്ചകൾ നടത്താൻ കഴിഞ്ഞിട്ടില്ല. ഇതും ഇന്നും നാളെയുമായി നടക്കും. അസോസിയേറ്റ് ഘടകകക്ഷികളുടെ സീറ്റുകളുടെ കാര്യത്തിലും ഇതുവരെ അന്തിമ ധാരണയായിട്ടില്ല. ഇവരിൽ പി.വി. അൻവറിന്റെ പാർട്ടി ഒഴികെ മറ്റുള്ളവരുമായുള്ള ചർച്ചകൾ നടത്തേണ്ടതുണ്ട്.