എടത്വ: തലവടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ യുഡിഎഫിന് ആശ്വാസ വിജയം. എല്‍ഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടാരോപണം ഉയര്‍ന്നതോടെ അനിശ്ചിതത്വത്തിലായ തലവടി പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പ് ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ധനകാര്യം, വികസനം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതികള്‍ യുഡിഎഫിനും ക്ഷേമകാര്യം എല്‍ഡിഎഫിനും ലഭിച്ചു.
ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണായി വൈസ് പ്രസിഡന്റ് കൂടിയായ വി.ആർ. സിന്ധുവിനെയും വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണായി റീത്താമ്മ തോമസിനെയും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണായി മോളമ്മ ഔസേപ്പിനെയും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണായി സുജി സന്തോഷിനെയും തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതിയില്‍ നിന്നും യുഡിഎഫിലെ പ്രകാശ് പനവേലിയും റെറ്റി ചെറിയാനും രാജി വെച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് റെറ്റി ചെറിയാന്റെ രാജി പിന്‍വലിപ്പിച്ചതിനെ തുടര്‍ന്നാണ് സ്ഥിരംസമിതി തിരഞ്ഞെടുപ്പ് നടന്നത്.
സിപിഎം നേതൃത്വം പിടിമുറുക്കിയതോടെ മൂന്ന് അംഗങ്ങള്‍ സ്ഥിരം സമിതിയിൽനിന്ന് രാജിവച്ചിരുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ നിന്ന് എം.ജി കൊച്ചുമോന്, ബി. രമേഷ് കുമാര്‍ എന്നിവരും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് അഞ്ജു സന്തോഷ് എന്നിവരുമാണ് രാജിവച്ചത്.
ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബിജെപി അംഗങ്ങളായ ബിനു സുരേഷ്, ഗോകുല്‍ ഗോപാലകൃഷ്ണന്, അജിത് പിഷാരത്ത് എന്നിവര്‍ വിട്ടുനിന്നു.
മൂന്ന് സ്ഥിരം സമിതികള്‍ ലഭിച്ചതോടെ ഭരണകക്ഷിയായ യുഡിഎഫിന് ആശ്വസിക്കാം. 15 അംഗ ഗ്രാമസഭയില്‍ യുഡിഎഫ്-7, എല്‍ഡിഎഫ്-6, ബിജെപി-3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.