ലക്നോ: വിദ്യാർഥികൾ പതിവായി പത്രംവായിക്കണമെന്ന കർക്കശ നിർദേശവുമായി യുപി സർക്കാർ. സെക്കൻഡറി, പ്രൈമറി സ്കൂളുകളിലെ മുഴുവൻ കുട്ടികളുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ പത്രംവായന ഉറപ്പാക്കണമെന്നാണു നിർദേശം.
വായനാസംസ്കാരം വളർത്തുന്നതിനൊപ്പം മൊബൈൽഫോണുകളിൽ സമയം ചെലവഴിക്കുന്നതു തടയുകയാണു മറ്റൊരു ലക്ഷ്യം. ഇതുസംബന്ധിച്ച ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി പാർഥസാരഥി സെൻ ശർമ കഴിഞ്ഞ ചൊവ്വാഴ്ച പുറപ്പെടുവിച്ചു.
ഹിന്ദി, ഇംഗ്ലീഷ് ദിനപത്രങ്ങൾ സ്കൂൾ ലൈബ്രറികളിൽ ലഭ്യമാക്കണം. പ്രഭാത അസംബ്ലികളിൽ പത്ത് മിനിറ്റെങ്കിലും പത്രംവായനയ്ക്കായി നീക്കിവയ്ക്കണം. വിദ്യാർഥികളുടെ പൊതുവിജ്ഞാനവും ഭാഷാപരിജ്ഞാനവും ഉൾപ്പെടെ ഉയർത്താൻ ഇതുവഴി കഴിയുമെന്നും സർക്കാർ കരുതുന്നു.