വാഷിംഗ്ടൺ ഡിസി: വെനസ്വേലയുടെ ദൈനംദിന ഭരണത്തിനു അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് തിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒരു യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വെനസ്വേലയുടെ എണ്ണയെ സമ്മർദ തന്ത്രമാക്കി നിലനിർത്തി ലഹരികടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
യോഗ്യതയുള്ള നേതാവിനെ തെരഞ്ഞെടുക്കുംവരെ വെനസ്വേലയുടെ ഭരണം അമേരിക്ക നടത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പരാമർശത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി തിരുത്തി. ട്രംപ് ഉദ്ദേശിച്ചത് നിലവിലുള്ള ഉപരോധങ്ങൾ ഫലപ്രദമായി നടപ്പിലാക്കും എന്നാണെന്ന് റൂബിയോ വ്യാഖാനിച്ചു.
പരിമിതമായ ഇടപെടലുകൾ മാത്രമെ വെനസ്വേലയിൽ യുഎസ് ലക്ഷ്യമിടുന്നുള്ളു എന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. നിക്കോളാസ് മഡുറോയെ പിടികൂടിയശേഷം വെനസ്വേലയിൽ ദീർഘകാല വിദേശ ഇടപെടലിനു അമേരിക്ക മുതിരുമോ എന്ന മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാൻ കൂടി ലക്ഷ്യമിട്ടായിരിക്കണം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ നിലപാട് പ്രഖ്യാപനം. വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ ഉപരോധിക്കുന്നത് തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.