കൊച്ചി: മുൻനിര ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു. പ്രാരംഭ ഓഫറായി കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാനും അവതരിപ്പിച്ചു. 299 രൂപ മുതല്‍ ആരംഭിക്കുന്ന 5 ജി പ്ലാനുകള്‍ ലഭ്യമാകും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ 5ജി നെറ്റ്വര്‍ക്ക് നേരത്തേ വിജയകരമായി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്ടിവിറ്റിയും തടസമില്ലാത്ത ഇന്റര്‍നെറ്റും ഉറപ്പാക്കുന്നതിനാണ് വിപുലീകരണമെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് വി. ജോര്‍ജ് മാത്യു പറഞ്ഞു.
കൂടുതല്‍ വിപുലമായ കവറേജും വേഗമേറിയ ഡാറ്റാ സ്പീഡും മികച്ച കസ്റ്റമര്‍ എക്സ്പീരിയന്‍സും നല്‍കുന്നതിനായി കേരളത്തിലെ തങ്ങളുടെ 4ജി ശൃംഖലയും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.