ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ (എംജിഎൻആർഇജിഎ) ത്തിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി-ജി റാം ജിക്കെതിരേ പ്രമേയവുമായി പഞ്ചാബ് നിയമസഭ. പുതിയ നിയമം ചർച്ച ചെയ്യുന്നതിനായി ഒരു ദിവസത്തേക്കു നിയമസഭാസമ്മേളനം വിളിച്ചുചേർത്താണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പ്രമേയം കൊണ്ടുവന്നത്.
ഗ്രാമീണ വികസന-പഞ്ചായത്ത് വകുപ്പ് മന്ത്രി തരുണ്പ്രീത് സിംഗ് സോണ്ടാണു പ്രമേയം സഭയിൽ അവതരിപ്പിച്ചത്. അതിജീവനത്തിനായി മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തെ ആശ്രയിക്കുന്ന ഗ്രാമീണ തൊഴിലാളികളെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെയും പട്ടികജാതി സമൂഹങ്ങളെയും വിബി-ജി റാം ജി നിയമം ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് നിയമം കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ദരിദ്രരായ തൊഴിലാളികൾക്കും സ്ത്രീകൾക്കും തൊഴിൽ കാർഡുകളുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും വേതനവും തൊഴിലുകളും ഉറപ്പാക്കിയിരുന്ന അവകാശത്തെ ഇല്ലാതാക്കുന്ന വിബി-ജി റാം ജി ബില്ലിനെ പഞ്ചാബ് നിയമസഭ പ്രമേയത്തിൽ നിരാകരിച്ചിട്ടുണ്ട്. അവകാശാധിഷ്ഠിതവും ആവശ്യാധിഷ്ഠിതവും പൂർണമായും കേന്ദ്രം സ്പോണ്സർ ചെയ്യുന്നതുമായ എംജിഎൻആർഇജിഎയുടെ ഘടന നിലനിർത്തുന്നതിനായി സംസ്ഥാനസർക്കാർ കേന്ദ്രവുമായി ചർച്ച നടത്തണമെന്നും പ്രമേയം നിർദേശിക്കുന്നു.
സംസ്ഥാനങ്ങൾക്ക് അനാവശ്യ സാന്പത്തികബാധ്യത ചുമത്തുകയും ഗ്രാമീണ തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്ന പുതിയ ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വിബി-ജി റാം ജി ബില്ലിനെതിരേ പ്രമേയം കൊണ്ടുവന്ന എഎപി സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരുമാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പാർലമെന്റ് നിയമങ്ങൾ പാലിക്കേണ്ടതു സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും എഎപിയുടേത് അന്ധമായ എതിർപ്പുകളാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
വിഷയം പഠിക്കാതെയും കേന്ദ്രമന്ത്രിസഭയുമായി കൂടിയാലോചിക്കാതെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിഎൻആർഇജിഎ പിൻവലിച്ചതെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ രാഹുൽ ഭാവനയുടെ ലോകത്താണു ജീവിക്കുന്നതെന്നും രാജ്യത്തെ യാഥാർഥ്യങ്ങളുമായി ബന്ധമില്ലെന്നും ചൗഹാൻ പരിഹസിച്ചു.