പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ നിർണായകദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയെ വിചാരണ ചെയ്തു മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്.
ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ പ്രതി ചേർക്കും. ഈ കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇനി ഏഴുപേർകൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്.
ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ബാഗേലിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണസംഘം ജുഡീഷൽ ഒന്നാംക്ലാസ് കോടതിയിൽ അപേക്ഷ നൽകി.
കഴിഞ്ഞദിവസം അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ് കുമാർ, വിനോദ് കുമാർ, ആർഎസ്എസ് പ്രവർത്തകനായ ഷാജി എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് അപേക്ഷ നൽകിയത്.
കഴിഞ്ഞയാഴ്ച ഒന്നുമുതൽ അഞ്ചുവരെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഡിസംബർ 17നു വൈകു ന്നേരമാണ് രാം നാരായണിനെ അട്ടപ്പള്ളത്ത് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു.