വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ കേന്ദ്രദേവാലയമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക നാലാം ശതാബ്ദി നിറവിലേക്ക്.
ബ്രമാന്തെ, മൈക്കലാഞ്ചലോ, ബെർണിനി എന്നിവർ ചേർന്നു പുനർനിർമിച്ച് 1626ൽ സമർപ്പിക്കപ്പെട്ട മഹത്തായ ഈ ബസിലിക്കയുടെ 400ാം വാർഷികവേള ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണെന്ന് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാലാം ശതാബ്ദി ആഘോഷപരിപാടികൾ നവംബർ 18ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാനയോടെ സമാപിക്കും.
നവംബർ 3, 10, 17 തീയതികളിൽ പേപ്പൽ ഭവനത്തിന്റെ പ്രസംഗകനായ ഫാ. റൊബെർത്തോ പസോലിനി സുവിശേഷത്തിന്റെയും അപ്പോസ്തല പ്രവർത്തന പുസ്തകത്തിന്റെയും വെളിച്ചത്തിൽ വിശുദ്ധ പത്രോസിനെക്കുറിച്ചുള്ള ധ്യാനചിന്തകൾ പങ്കുവയ്ക്കും.
ആഘോഷങ്ങളോടനുബന്ധിച്ച് 60 ഭാഷകളിലേക്ക് ഒരേസമയം തീർഥാടകർക്ക് ആരാധനക്രമങ്ങൾ, ഗാനങ്ങൾ, വായനകൾ എന്നിവ വിവർത്തനം ചെയ്ത് ഉപയോഗിക്കുവാനുള്ള മൊബൈൽ ആപ്പ് നിർമിച്ചതായി കർദിനാൾ മൗറോ ഗംബെത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.