കൂരാച്ചുണ്ട്: മലയോര ഗ്രാമമായ കൂരാച്ചുണ്ടിന്റെ വികസന പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന അഗസ്റ്റിൻ കാരക്കട.
മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ കൂരാച്ചുണ്ടിലെ ആദ്യകാല കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് നാടിനു നഷ്ടമായത്. ഇരുപത്തിയേഴാമത്തെ വയസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച അഗസ്റ്റിൻ കാരക്കട 87-ാം വയസിലും രാഷ്ട്രീയത്തിൽ സജീവമായി നിലകൊണ്ടയാളാണ്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, ഷണ്മുഖദാസ്, ആര്യാടൻ മുഹമ്മദ് തുടങ്ങിയ നേതാക്കളുടെ കാലത്ത് അവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്.
2010-15 കാലഘട്ടത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.പഞ്ചായത്തിലെ കൈതക്കൊല്ലി - വെങ്കിട്ടത്താഴെ തീരദേശ റോഡ്, കൂരാച്ചുണ്ട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കൂരാച്ചുണ്ടിൽ ബൈപാസ് റോഡ് നിർമിക്കുന്നതിനായി സർക്കാർ തലത്തിൽ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു.മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഫോണിലൂടെ അനുശോചനം അറിയിച്ചതായി കെ.സി. അബു കുടുംബാംഗങ്ങളെ അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾക്ക് താമരശേരി ബിഷപ് മാർ. റമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികനായി. സമൂഹ നന്മയ്ക്കായി പൊതുപ്രവർത്തന രംഗത്ത് സ്വാർത്ഥത വെടിഞ്ഞുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിച്ച നേതാവാണ് അഗസ്റ്റിൻ കാരക്കടയെന്ന് ബിഷപ് പറഞ്ഞു.വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, ഫാ.ജോയൽ കുമ്പുക്കൽ, ഫാ.സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ്,താമരശേരി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ,ഡിസിസി വൈസ് പ്രസിഡന്റ് , പി.പി. നൗഷീർ,ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, കെപിസിസി അംഗം കെ. രാമചന്ദ്രൻ നേതാക്കളായ ബ്ലോക്ക് നോൺഗ്രസ് പ്രസിഡന്റ് കെ.രാജീവൻ, കാവിൽ.പി മാധവൻ, വി.എം കുട്ടികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, ടി.സരുൺ, കെ. അഹമ്മദ് കോയ, റംസീന നരിക്കുനി, സാജിദ് കോറോത്ത്, നാസർ എസ്റ്റേറ്റ് മുക്ക്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. എം. കെ രാഘവന് എംപി അനുശോചനം അറിയിച്ചു.