സോഷ്യൽ മീഡിയയിലെ താൽക്കാലിക തിളക്കം ഒരു വ്യക്തിയുടെ ജീവിതത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നതിന്റെ നേർചിത്രമായി മാറിയിരിക്കുകയാണ് റോസി നേഹ സിംഗ് എന്ന യുവതിയുടെ അനുഭവം.
ബിഹാറിലെ സോൻപൂർ സ്വദേശിനിയും റാഞ്ചിയിൽ ബ്യൂട്ടീഷ്യനുമായിരുന്ന റോസി, തന്റെ പാചകത്തോടുള്ള താല്പര്യം മുൻനിർത്തിയാണ് ഒരു ചെറിയ ലിറ്റി-ചിക്കൻ സ്റ്റാൾ ആരംഭിച്ചത്.
തന്റെ സംരംഭത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയയെ ഒരു ഉപകരണമാക്കിയ റോസിക്ക്, പക്ഷേ ആ തീരുമാനം പിന്നീട് വലിയ തിരിച്ചടിയായി മാറുകയായിരുന്നു.
തന്റെ ഭക്ഷണശാലയെ പ്രൊമോട്ട് ചെയ്യുന്നതിനായി ലളിതമായ വീഡിയോകൾ പങ്കുവെച്ചു തുടങ്ങിയ റോസിയുടെ രൂപത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകൾ ഉയർന്നിരുന്നു.
അവർ റഷ്യക്കാരിയാണോ? എന്ന തരത്തിലുള്ള ചോദ്യങ്ങൾ കമന്റ് ബോക്സുകളിൽ നിറഞ്ഞപ്പോൾ, തമാശരൂപേണ തന്റെ തനതായ ബിഹാറി ശൈലിയിൽ താൻ ഒരു ശുദ്ധ ബിഹാറി പെൺകുട്ടിയാണെന്ന് റോസി മറുപടി നൽകി.
ഈ വീഡിയോ അപ്രതീക്ഷിതമായി വൈറലാവുകയും റോസി ഒരൊറ്റ രാത്രികൊണ്ട് ഇന്റർനെറ്റിലെ ചർച്ചാവിഷയമായി മാറുകയും ചെയ്തു. എന്നാൽ ആ പ്രശസ്തി ഒരു ബിസിനസുകാരി എന്ന നിലയിലുള്ള അവരുടെ വ്യക്തിത്വത്തെ മറച്ചുകളഞ്ഞു.
വൈറൽ തരംഗം പടർന്നതോടെ റോസിയുടെ കടയിലേക്ക് ആളുകൾ ഒഴുകിയെത്തിയെങ്കിലും അവർ വന്നത് ഭക്ഷണം കഴിക്കാനായിരുന്നില്ല, മറിച്ച് "വൈറൽ ഗേളിനെ' കാണാനും സെൽഫിയെടുക്കാനും വീഡിയോകൾ ചിത്രീകരിക്കാനുമായിരുന്നു.
പല വ്ലോഗർമാരും അവരുടെ അനുവാദമില്ലാതെ കടയിൽ എത്തി ബുദ്ധിമുട്ടിക്കാൻ തുടങ്ങി. റോസിയുടെ തിരക്കുകൾക്കിടയിൽ എല്ലാവരോടും സംസാരിക്കാൻ കഴിയാതെ വന്നപ്പോൾ, അതുവരെ സ്നേഹം പ്രകടിപ്പിച്ചിരുന്ന സൈബർ ലോകം പെട്ടെന്ന് തന്നെ അധിക്ഷേപങ്ങളുമായി രംഗത്തെത്തി.
മോശം കമന്റുകളും വ്യക്തിപരമായ പരിഹാസങ്ങളും കൊണ്ട് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറഞ്ഞു. തന്റെ തൊഴിലിടത്തിൽ സമാധാനമായി ജോലി ചെയ്യാൻ പോലും സാധിക്കാത്ത വിധം വ്ലോഗർമാരുടെയും ആരാധകരുടെയും ശല്യം വർദ്ധിച്ചതോടെ, ഒടുവിൽ ലാഭകരമായി നടന്നുവന്ന തന്റെ ലിറ്റി-ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടാൻ റോസി നിർബന്ധിതയായി.
പ്രശസ്തിക്ക് പിന്നാലെ പോയപ്പോൾ തനിക്ക് നഷ്ടമായത് സ്വന്തം സമാധാനവും ഉപജീവനമാർഗവുമാണെന്ന് അവർ വേദനയോടെ ഓർക്കുന്നു.
വ്യൂസിനും ലൈക്കിനും വേണ്ടി ഡിജിറ്റൽ ലോകത്ത് സ്വയം പ്രദർശിപ്പിക്കുന്നതിനേക്കാൾ വലിയ മൂല്യം സ്വന്തം സ്വകാര്യതയ്ക്കും സമാധാനത്തിനുമുണ്ടെന്ന് തിരിച്ചറിഞ്ഞ റോസി, ഇപ്പോൾ ലൈംലൈറ്റിൽ നിന്നും മാറി സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു.
സോഷ്യൽ മീഡിയയുടെ അതിപ്രസരം ഒരു സാധാരണക്കാരിയുടെ സ്വപ്നങ്ങളെ എങ്ങനെ തകർക്കുമെന്നതിന്റെ വലിയൊരു പാഠമാണ് ഈ ബിഹാറി പെൺകുട്ടിയുടെ ജീവിതം.