ബംഗളൂരു: ഇന്ത്യയിൽ ദേശീയ ഗാനം ആലപിച്ചിരുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ സ്വീകരിക്കാനായിരുന്നുവെന്ന് ബിജെപി എംപി വിശ്വേശ്വർ ഹെഡ്ഗെ കഗേരി.
ജനഗണമനയ്ക്കുള്ളതിനേക്കാൾ പ്രാധാന്യം വന്ദേമാതരത്തിനു വേണം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വന്ദേമാതരത്തിന്റെ സംഭാവന വലുതാണ്. സ്കൂളുകളിലും കോളജുകളിലും യുവാക്കളിലും വന്ദേമാതരത്തിനു കൂടുതൽ പ്രചാരം ലഭിക്കണം- വിശ്വേശ്വർ പറഞ്ഞു. ഉത്തര കന്നഡയിൽനിന്നുള്ള ലോക്സഭാംഗമാണ് ഇദ്ദേഹം.
അതേസമയം, വിശ്വേശ്വറിന്റെ പ്രസ്താവനയ്ക്കെതിരേ മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. ആർഎസ്എസ് വാട്സാപ് ചരിത്രക്ലാസിൽനിന്നു കിട്ടിയ ശുദ്ധ അസംബന്ധമാണിതെന്നായിരുന്നു പ്രിയങ്കിന്റെ പ്രതികരണം.
‘ഭാരത ഭാഗ്യ വിധാതാ’ എന്ന വരി 1911ൽ രവീന്ദ്രനാഥ ടാഗോർ എഴുതിയതാണ്. ആദ്യവരി ജനഗണമന ആണ്. ദേശീയഗാനം ആദ്യം ആലപിക്കുന്നത് 1911 ഡിസംബർ 27ന് കൽക്കട്ടയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലാണ്. അതു ബ്രിട്ടീഷുകാർക്കുള്ള ബഹുമതി ആയല്ലെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.
1875 നവംബർ ഏഴിനാണ് ബങ്കിംചന്ദ്ര ചാറ്റർജി വന്ദേമാതരം എഴുതിയത്. ഈ ഗാനം പിറന്നിട്ട് ഇന്നേക്ക് 150-ാം വർഷം തികഞ്ഞിരിക്കുന്നുവെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പിലുള്ളതെന്നും പ്രിയങ്ക് കൂട്ടിച്ചേർത്തു.