അരുണാചല്‍ പ്രദേശിന്റെ ഹൃദയഭാഗത്ത്, മഞ്ഞുമൂടിയ മലനിരകളുടെയും പച്ചവിരിച്ച നെല്‍വയലുകളുടെയും ഇടയിലുള്ള സുന്ദരഭൂമിയാണ് സിറോ താഴ്വര. അപതാനി ഗോത്ര സംസ്കാരത്തിനും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട ഈ താഴ്വര, അതിനൊപ്പംതന്നെ ചില ദുരൂഹതകളും പേറുന്നു.
താഴ്വരയുടെ പല ഭാഗങ്ങളില്‍നിന്നായി കണ്ടെടുത്ത അജ്ഞാത അസ്ഥികൂടങ്ങളാണ് ഈ പ്രദേശത്തിന് കുപ്രസിദ്ധി പകരുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി, സിറോ താഴ്വരയോടുചേര്ന്ന വനപ്രദേശങ്ങളിലും കുന്നിന് ചെരിവുകളിലും ആരുടേതെന്നറിയാത്ത നിരവധി മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കര്‍ഷകര്‍ കൃഷിയിടങ്ങള്‍ തയാറാക്കുന്നതിനിടയിലോ, വനത്തിലേക്ക് വഴിവെട്ടുന്നതിനിടയിലോ പലപ്പോഴും ചെന്നെത്തുക അസ്ഥികൂടങ്ങളിലേക്കാവും. വളരെ വ്യത്യസ്തമായ സംസ്കാരവും ആചാരങ്ങളും പേറുന്നവരാണ് അപതാനി ഗോത്ര നിവാസികള്‍. പഴയകാലത്ത് ഈ ഗോത്രങ്ങള്‍ക്കിടയില്‍ മൃഗബലി നിലനിന്നിരുന്നു. ബലിനല്‍കിയ മൃഗങ്ങളുടെ തലയോട്ടികളും എല്ലുകളും വീടുകളുടെ മുന്നിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത് കാണുന്നവര്‍ക്ക് ഭയാനകമായി തോന്നാമെങ്കിലും അവര്‍ക്കത് തങ്ങളുടെ ഐശ്വര്യത്തിന്റെയും ധീരതയുടെയും അടയാളമാണ്.
അസ്ഥികൂടങ്ങളുമായി ബന്ധപ്പെട്ട് പല കഥകളും ഇവിടെ പ്രചരിക്കുന്നുമുണ്ട്. കഥകള്‍ പ്രധാനമായും ഇവരുടെ പുരാതനമായ ശ്മശാന രീതികളുമായും ഗോത്രയുദ്ധങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
അപതാനി ഗോത്രത്തിന്റെ പുരാതന ചരിത്രത്തെക്കുറിച്ച് ആധികാരിക രേഖകള്‍ അധികമൊന്നും ലഭ്യമല്ലെങ്കിലും ഇവര്‍ തലമുറകളിലേക്ക് പകര്‍ന്നുനല്‍കിയ വാമൊഴികളില്‍ പഴയകാലങ്ങളില്‍ നടന്ന ഗോത്രസംഘര്ഷങ്ങളുടെയും അതിര്‍ത്തി യുദ്ധങ്ങളുടെയും ഏകദേശചിത്രം ലഭിക്കും.
ഈ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങളാകാം ഇന്നും മണ്ണിനടിയില്‍ കിടക്കുന്നതെന്ന വിശ്വാസമാണ് ശക്തം. പുറംപ്രദേശങ്ങളില്നിന്ന് എത്തിയ അജ്ഞാത യാത്രക്കാരുടെയോ യോദ്ധാക്കളുടെയോ അസ്ഥികളാകാം ഇവയെന്നും ചില കഥകളുണ്ട്.
ഇതുവരെ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ സമഗ്രമായ പുരാവസ്തു ഫോറന്‍സിക് പഠനങ്ങള്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം. അസ്ഥികളുടെ പ്രായം, മരണകാരണങ്ങള്‍, ഒരേ കാലഘട്ടത്തിലേതാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ രേഖകളില്ല. അതിനാല്‍തന്നെ, ഗോത്രചരിത്രവും ഊഹങ്ങളും തമ്മില്‍ കുടുങ്ങിയ നിലയിലാണ് സിറോ താഴ്വരയിലെ അസ്ഥികൂടങ്ങളുടെ കഥ.
നാട്ടുകാര്‍ക്കിടയില്‍ ഈ അസ്ഥികൂടങ്ങള്‍ കണ്ട സ്ഥലങ്ങളെക്കുറിച്ച് ചില ഭീതിജനകമായ കഥകളും നിലനില്‍ക്കുന്നുണ്ട്. സന്ധ്യയോടെ മൂടല്‍മഞ്ഞ് താഴ്വരയെ പൊതിയുമ്പോള്‍, അന്തരീക്ഷം പെട്ടെന്നു മാറുന്നുവെന്നും കാടിനോടുചേര്‍ന്ന പാതകളിലൂടെ നടക്കുമ്പോള്‍ വന്യമായ ഒരു നിശബ്ദത അനുഭവപ്പെടുന്നതായും പല യാത്രക്കാരും പറയുന്നു.
ചിലര്‍ക്ക് അകാരണമായ അസ്വസ്ഥത തോന്നും. അവിടം വിട്ടുപോകണമെന്ന തോന്നല്‍ ഉണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ അപതാനി സംസ്കാരത്തില്‍ മരിച്ചവരോടുള്ള ആദരവ് ശക്തമായതിനാല്‍ ഈ അവശിഷ്ടങ്ങളെക്കുറിച്ച് അമിതഭീതി ജനിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനാണ് അവര്‍ എപ്പോഴും താല്പര്യം കാട്ടാറുള്ളത്.
യുനെസ്കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സിറോ താഴ്വര, ഇന്ന് വിനോദസഞ്ചാരികളുടെ ഒരു ഇഷ്ട ഇടമായി വികാസം പ്രാപിക്കുമ്പോഴും ഈ അസ്ഥികൂടങ്ങളുടെ കഥ ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്. ഇത് ഒരു പുരാതന ഗോത്രസംഘര്ഷത്തിന്റെ അടയാളമാണോ അതോ മണ്മറഞ്ഞുപോയ ഒരു പുരാതന സംസ്കാരത്തിന്റെ അവശേഷിപ്പോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.