ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉത്തരവാദികൾ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും ഏറ്റവും കഠിനമായ ശിക്ഷ അവർക്കു നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തിങ്കളാഴ്ച നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്റെ (NZC) 32-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിലും ജമ്മുകാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിലും ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഫോടനത്തിന് പിന്നിലുള്ളവരെ പാതാളത്തിൽ നിന്നാണെങ്കിലും കണ്ടെത്തും. അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകും. അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കും.-അമിത് ഷാ പറഞ്ഞു.
വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, ജമ്മുകാഷ്മീര്‍, ലഡാക്ക്, ചണ്ഡീഗഡ് എന്നിവയാണ് നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നവ.
മുഖ്യമന്ത്രിമാരായ നയാബ് സിംഗ് സൈനി (ഹരിയാന), സുഖ്വീന്ദര് സിംഗ് സുഖു (ഹിമാചല്‍ പ്രദേശ്), ഭഗവന്ത് മന് (പഞ്ചാബ്), ഭജന്‍ ലാല്‍ ശര്‍മ (രാജസ്ഥാന്), രേഖ ഗുപ്ത (ഡല്‍ഹി), ഒമര്‍ അബ്ദുള്ള (ജമ്മുകാഷ്മീര്‍) എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.